തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ സ്ഥാനപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ഒപ്പുവച്ചത്. അഞ്ച് മിനിറ്റ് കൊണ്ടാണ് നിയമസഭ ബില്ല് പാസാക്കിയത്. സബ്ജറ്റ് കമ്മിറ്റിക്ക് വിടാതെയാണ് ബില്ല് പാസാക്കിയത്.
941 ഗ്രാമപഞ്ചായത്തുകളിലായി 15, 972 വാർഡുകളാണ് നിലവിലുള്ളത്. പുതിയ ബിൽ നിയമമായതോടെ ഇതിൽ മാറ്റം വരും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടുന്നതായിരിക്കും.
ചർച്ച നടത്താതെ പാസാക്കിയ ബില്ലിന് അനുമതി നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബിൽ അഞ്ച് മിനിറ്റ് കൊണ്ട് പാസാക്കിയതെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.
സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിലാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാൻ തീരുമാനമായത്.