കോഴിക്കോട്: കെഎസ്ഇബി ഓഫീസ് തകർത്തതിനെതിനെ തുടർന്ന് തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി എംഡി ബിജു പ്രഭാകറിനെതിരെ സപിഎം. കുറ്റം ചെയ്തത് ബിജു പ്രഭാകറാണെന്നും അത് സിപിഎമ്മിന് ഏറ്റെടുക്കാൻ സാധിക്കില്ലെന്നും സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് പറഞ്ഞു. എൽഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കണമെന്നുള്ളത് ബിജു പ്രകാറിന്റെ തീരുമാനമാണ്. ഇതിന്റെ ഉത്തരവാദിത്തം സർക്കാരിന് ഏറ്റെടുക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് വൈദ്യുതി പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടത്.
ബിജു പ്രഭാകറിന്റെ പ്രവൃത്തി വിമർശനങ്ങൾക്ക് വഴിവച്ചു. ഇത് അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ബിജു പ്രഭാകർ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വി കെ വിനോദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെഎസ്ഇബി ഓഫീസ് അടിച്ചു തകർത്തത്. ഓൺലൈനായി ബില്ലടച്ചിട്ടും കണക്ഷൻ പുനഃസ്ഥാപിക്കാൻ വൈകിയതിന്റെ പ്രകോപനത്തിലായിരുന്നു ആക്രമണം. ഇതിന്റെ പേരിൽ ഇയാളുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിക്കുകയായിരുന്നു.















