വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാർക്കിൻസൺസ് രോഗത്തിന് ചികിത്സ നടത്തുന്നതിൽ വിദഗ്ധനായ ഒരു ഡോക്ടർ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ മാർച്ച് വരെ വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നതായി ന്യൂയോർട്ട് ടൈസം റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ബൈഡൻ യോഗ്യനല്ലെന്ന് ഡെമോക്രാറ്റുകൾക്കിടയിൽ തന്നെ പരസ്യ വിമർശനം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ട്രംപിനൊപ്പം നടത്തിയ പരസ്യ സംവാദത്തിൽ വീഴ്ച വന്നതും, ചില സമയങ്ങളിലെ അപൂർവ്വ രീതിയിലുള്ള പെരുമാറ്റവും മൂലം ബൈഡന് വെളിപ്പെടുത്താൻ സാധിക്കാത്ത രീതിയിലുള്ള അസുഖം ബാധിച്ചെന്ന രീതിയിൽ ആരോപണം ഉയരാന്‍ കാരണമായിരുന്നു. പിന്നാലെയാണ് ബൈഡന് പാർക്കിൻസൺസ് ബാധിച്ചുവെന്ന് വാർത്ത പുറത്ത് വന്നത്. ബൈഡൻ പാർക്കിൻസൺസിന് ഇതുവരെ ചികിത്സ തേടിയിട്ടില്ലെന്നും, അതിന്റെ പേരിൽ യാതൊരു വിധത്തിലുള്ള മരുന്നുകളും കഴിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി വ്യക്തമാക്കി.
നാഷണൽ മിലിറ്ററി മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റും, മൂവ്മെന്റ് ഡിസോർഡേഴ്‌സ് സ്‌പെഷ്യലിസ്റ്റുമായ ഡോ കെവിൻ കാനാർഡ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള സമയത്തിനിടെ എട്ട് തവണ വൈറ്റ് ഹൗസിൽ സന്ദർശനം നടത്തിയെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസിലെ സന്ദർശക രേഖകളിൽ കെവിന്റെ പേര് ചേർത്തിരിക്കുന്നതും മാദ്ധ്യമങ്ങൾ തെളിവായി പുറത്ത് വിട്ടിട്ടുണ്ട്. പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയെക്കുറിച്ച് ഗവേഷണം നടത്തിയ വ്യക്തി കൂടിയാണ് കെവിൻ.
ജനുവരിയിൽ വൈറ്റ് ഹൗസിൽ വച്ച് തന്നെ ഫിസിഷ്യനുമായി കെവിൻ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പാർക്കിൻസൺസ് രോഗത്തിന് ബൈഡൻ ചികിത്സ തേടിയിട്ടില്ലെന്ന് ജീൻ പിയറി പറയുമ്പോഴും, സന്ദർശനത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിടാൻ ഇവർ തയ്യാറായിട്ടില്ല. മാദ്ധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഏവരുടേയും സ്വകാര്യതയെ മാനിക്കുന്നുവെന്നാണ് ഇതിന് വിശദീകരണമായി ഇവർ പറയുന്നത്.















