കൊല്ലം: എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥിക്ക് എസ്എഫ്‌ഐ നേതാവിന്റെ അസഭ്യവർഷവും ഭീഷണിയും. പുനലൂർ എസ്എൻ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന വിഷ്ണു മനോഹറിന് നേരെയാണ് ഭീഷണി ഉയർന്നത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് അസഭ്യവർഷം നടത്തി ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം എഐഎസ്എഫിൽ നിന്ന് കൂട്ടരാജി വച്ച് നിരവധി പ്രവർത്തകർ എസ്എഫ്‌ഐയിലേക്ക് ചേക്കേറിയിരുന്നു. ഇത് എസ്എഫ്‌ഐ വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ വിട്ട് വിഷ്ണു മനോഹർ എഐഎസ്എഫിലേക്ക് ചേക്കേറിയത്. ഇതോടെ വിഷ്ണുവിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ അസഭ്യവർഷം നടത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോൺ വഴിയാണ് ഭീഷണിപ്പെടുത്തിയതെന്നും വധഭീഷണിയടക്കം മുഴക്കിയതായും വിഷ്ണു പറയുന്നു.
കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എസ്എഫ്‌ഐയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ വൻ തോതിൽ ചർച്ചയായിരുന്നു. പ്രാകൃത രീതികളാണ് വിദ്യാർത്ഥി സംഘടന തുടർന്നു പോകുന്നതെന്നും ഇത് തിരുത്താൻ തയ്യാറാകണമെന്നുമായിരുന്നു വിമർശനം. ഇതിനെതിരെയും സിപിഎം പ്രവർത്തകരുടെ പക്കൽ നിന്ന് ഭീഷണി ഉയർന്നിരുന്നു.















