മറിമായം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ് കവർന്ന താരമാണ് സ്നേഹ ശ്രീകുമാർ. സ്നേഹയുടെ ചിരി മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒരുപക്ഷേ ആ ചിരി നിലനിൽക്കുന്നതിന് മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു കാരണമാണ്. മോഹൻലാൽ ഭീമനായി അഭിനയിച്ച ഛായാമുഖി എന്ന നാടകത്തിൽ ഹിഡിംബിയായി അഭിനയിച്ചത് സ്നേഹയായിരുന്നു. അന്ന് നാടകം കളിക്കാനായി പോകുമ്പോൾ സംഭവിച്ച ബസ് അപകടവും മോഹൻലാലിന്റെ ഇടപെടലും ഓർത്തെടുക്കുകയാണ് താരം. മോഹൻലാൽ ഇല്ലായിരുന്നുവെങ്കിൽ ഒരു കഥകളി കലാകാരിയായി താൻ ഉണ്ടാവുമായിരുന്നില്ല എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്നേഹ ശ്രീകുമാർ പറഞ്ഞു.
“മോഹൻലാൽ സാറിന്റെയും മുകേഷേട്ടന്റെയും ഒപ്പം ഛായാമുഖി എന്ന നാടകത്തിലാണ് അഭിനയിച്ചത്. ഭീമനും ഹിഡിംബിയുമായാണ് മോഹൻലാൽ സാറും ഞാനും അഭിനയിച്ചത്. ചിലർക്ക് ചില മണ്ടത്തരങ്ങൾ അനുഗ്രഹമാകും എന്നു പറയാറില്ലേ. അതിൽ പെട്ടവരാണ് ഞാനൊക്കെ. യാദൃശ്ചികമായിട്ടാണ് ഈ നാടകത്തിലേക്ക് വിളി വരുന്നത്. വീട്ടിൽ ഇഷ്ടമല്ലായിരുന്നു, എനിക്ക് പേടിയുമായിരുന്നു. അത്രയ്‌ക്ക് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആൾക്കാർക്കൊപ്പം അഭിനയിക്കാൻ പേടിയായിരുന്നു. എന്നാൽ ആ നാടകത്തിന്റെ സംവിധായകൻ കഥകളിയുമായി ബന്ധപ്പെട്ടുള്ള ആളായിരുന്നു. അതുകൊണ്ടാണ് ആ നാടകം അഭിനയിക്കാൻ ഞാൻ പോയത്. അവിടെ ചെല്ലുമ്പോൾ മഹാ നടന്മാരാരും ഉണ്ടായിരുന്നില്ല. അവരെല്ലാം നേരത്തെ തന്നെ റിഹേഴ്സൽ ചെയ്ത് പഠിച്ചു പോയിരുന്നു. പിന്നീട് ഒരു ദിവസം ലാൽ സർ വരുന്നു എന്ന് പറഞ്ഞു. അപ്പോഴൊന്നും എനിക്ക് വലിയ ഫാൻ മൊമന്റ് ഒന്നും തോന്നിയിരുന്നില്ല”.
“ഷോ നടക്കുമ്പോഴാണ് ഞാൻ ഫാൻ മൊമന്റ് തിരിച്ചറിഞ്ഞത്. രണ്ട് ഷോയാണ് നടത്തിയത്. ഒന്ന് മാധ്യമങ്ങൾക്ക് മുന്നിൽ, മറ്റൊന്ന് ഒറിജിനൽ. ഞാൻ ഭീമന്റെ കവിളിൽ പിടിക്കുന്ന ഒരു രംഗമുണ്ട്. ആ കവിളിൽ പിടിച്ച് ഞാൻ നോക്കിയപ്പോൾ, ‘ഇതല്ലേ ചിത്രത്തിലെ മോഹൻലാൽ’ എന്ന് എനിക്ക് തോന്നി. അപ്പോഴാണ് ഫാൻ മൊമന്റ് ഞാൻ തിരിച്ചറിഞ്ഞത്. ‘ഈ മോഹൻലാലിന്റെ കവിളത്താണോ ഞാൻ പിടിച്ചിരിക്കുന്നത്’ എന്നെല്ലാമാണ് എന്റെ മനസ്സിലൂടെ പോയത്. ഭാഗ്യത്തിന് ആ കഥാപാത്രത്തിന്റെ അവസാന നിമിഷമായിരുന്നു. അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അദ്ദേഹത്തിൽനിന്ന് ഒരുപാട് ഞാൻ കണ്ടു പഠിച്ചു. ടൈമിംഗ്, സെറ്റിൽ എങ്ങനെ പെരുമാറണം, കൃത്യസമയത്ത് വരിക എന്നതെല്ലാം ലാലേട്ടനിൽ നിന്ന് കണ്ടുപടിച്ചു. ഓർമ്മശക്തിയിൽ അദ്ദേഹത്തെ മറികടക്കാൻ നമുക്ക് പറ്റില്ല”.
“കഥകളിയെ പറ്റിയാണ് എന്നോട് കൂടുതലും ലാൽ സർ സംസാരിച്ചിരുന്നത്. അദ്ദേഹം വാനപ്രസ്ഥം ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങൾ. എനിക്ക് പഠിക്കാൻ പറ്റിയിട്ടില്ല, കഥകളി ഒരിക്കലും വിട്ടു കളയരുത് എന്നായിരുന്നു ലാൽ സർ പറഞ്ഞത്. വർഷങ്ങൾക്കുശേഷം ഇതേ ഛായാമുഖിക്ക് ഞങ്ങൾ പോയപ്പോൾ ഒരു ആക്സിഡന്റ് ഉണ്ടായി. എനിക്ക് നട്ടെല്ലിന് പ്രശ്നം, സർജറി വേണ്ടിവരും എന്നു പറഞ്ഞു. സത്യം പറഞ്ഞാൽ, അത് മോഹൻലാൽ സാറിന്റെ ട്രൂപ്പ് അല്ലായിരുന്നുവെങ്കിൽ ഇന്ന് ഈ കഥകളിക്കാരി ഉണ്ടാവുമായിരുന്നില്ല. സർജറിയിലേക്ക് പോയാൽ നമുക്ക് തിരിച്ചു വരാൻ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹമാണ് ഡോക്ടറോട് പറഞ്ഞ് ആയുർവേദം ട്രൈ ചെയ്യാൻ തീരുമാനമെടുത്തത്. ഭാഗ്യം കൊണ്ട് ഞാൻ നടന്നു. എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ലാൽ സർ. അന്ന് ഞാൻ സിനിമയിലോ സീരിയലിലോ ഒന്നും അഭിനയിച്ചിട്ടില്ല. എന്നിട്ടും ഇടവേള ബാബു ചേട്ടൻ എല്ലാം വിളിച്ച് അന്വേഷിച്ചിരുന്നു. അന്നു തൊട്ടുള്ള ബന്ധമാണ്. ഞാൻ അമ്മയിലെ മെമ്പർ പോലുമല്ല, എന്നിരുന്നാലും എന്ത് ആവശ്യമുണ്ടെങ്കിലും എനിക്ക് ബാബു ചേട്ടനെ വിളിക്കാം”-സ്നേഹ ശ്രീകുമാർ പറഞ്ഞു.















