തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദം ഒതുക്കി തീർക്കാൻ സിപിഎം നീക്കം. ആരോപണ വിധേയനായ സിപിഎം ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടി സ്വീകരിച്ച് കേസ് ഒതുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. പ്രമോദിനോട് ഔദ്യോഗികമായി വിശദീകരണം തേടും. മറുപടി ലഭിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത്.
ഈ മാസം 13-ന് ജില്ലാ കമ്മിറ്റി യോഗവും ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ചേരും. ഇതിന് ശേഷമാകും നടപടി പ്രഖ്യാപിക്കുക. അതേസമയം, പിഎസ്‌സി വിവാദത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്. സിപിഎം നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം ഗൗരവമുള്ളതാണെന്നും മന്ത്രിയുടെയും ജില്ല സെക്രട്ടറിയുടെയുമൊക്കെ പേര് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
അതേസമയം, പിഎസ്‌സി ആരോപണം നിഷേധിച്ച് പ്രമോദ് കോട്ടൂളി രംഗത്തെത്തി.
താൻ ആരുടെയും ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും പ്രമോദ് പ്രതികരിച്ചു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണെന്നും പാർട്ടി വിശദീകരണം ചോദിച്ചാൽ മറുപടി നൽകുമെന്നും പ്രമോദ് പറഞ്ഞു.















