മോസ്‌കോ: രണ്ടാം ലോകമഹായുദ്ധം കൊടുംപിരി കൊണ്ട സമയം. ദശലക്ഷക്കണക്കിന് റഷ്യൻ സൈനികരാണ് മോസ്‌കോയുടെ മണ്ണിൽ വീരമൃത്യുവരിച്ചത്. നിരവധി പേരെ കാണാതായി. നാടിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികർക്കായി പിന്നീട് ഒരു സ്മൃതി കുടീരം തന്നെ മോസ്‌കോയുടെ മണ്ണിൽ ഉയർന്നു.
വീരമൃത്യുവരിച്ച സൈനികരുടെ കണക്കുകളും കാണാതായവരുടെ കണക്കുകളും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നതിനുമപ്പുറമായതിനാൽ സ്മൃതി കുടീരത്തെ ‘ അജ്ഞാത സൈനികന്റെ’ സ്മൃതി കുടീരമെന്ന പേരിലാണ് സോവിയറ്റ് യൂണിയൻ, സൈനികർക്ക് സമർപ്പിച്ചത്. രാജ്യമേതായാലും നാടിന് വേണ്ടി ജീവത്യാഗം ചെയ്യുന്നവരാണ് സൈനികർ എന്ന സന്ദേശത്തോടെ റഷ്യയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആ അജ്ഞാത സൈനികന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു.
#WATCH | Prime Minister Narendra Modi lays a wreath at the Tomb of the Unknown Soldier in Moscow, Russia.
PM Modi is on his two-day official visit to Russia for the 22nd India-Russia Annual Summit. pic.twitter.com/ihcdtG4z1d
— ANI (@ANI) July 9, 2024
സ്മൃതി കുടീരത്തിന്റെ പിന്നിലെ കഥ
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വീരചരമമടഞ്ഞ സൈനികരുടെയും കാണാതായ സൈനികരുടെയും കണക്കുകൾ കൂടുതലായിരുന്നു. വീരമൃത്യുവരിച്ച പല സൈനികരുടെയും ഭൗതിക ശരീരം തിരിച്ചറിയാൻ സാധിക്കുന്നതിനും അപ്പുറത്തേക്ക് ചിന്നിച്ചിതറിയിരുന്നു.
കുടുംബാംഗങ്ങൾക്ക് ഏത് ശരീരത്തെ കെട്ടിപിടിച്ച് കരയണമെന്ന് പോലും അറിയാത്ത അവസ്ഥ. ഈ സാഹചര്യം കണക്കിലെടുത്താണ് അജ്ഞാത സൈനികന്റെ സ്മൃതി കുടീരം സ്ഥാപിച്ചത്. ദുഃഖിതരായ കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ ആദരിക്കാനും രാജ്യങ്ങൾക്ക് അവരുടെ വീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും ഇവിടെ അവർ ഒരു ഇടം ഒരുക്കി.
1967 മേയ് 8നാണ് സ്മൃതി കുടീരം ജനങ്ങൾക്കായി അനാച്ഛാദനം ചെയ്തത്. 2014 ഡിസംബർ മൂന്ന് മുതൽ ജനങ്ങൾ അജ്ഞാത സൈനികരുടെ ഓർമ്മ ദിനം ആചരിക്കാൻ തുടങ്ങി. ലോറൽ ശാഖയുടെ വെങ്കല ശിൽപവും ഒരു ബാനറിൽ സ്ഥാപിച്ച സൈനികന്റെ ഹെൽമറ്റും കൊണ്ടാണ് സ്മൃതി കുടീരം അലങ്കരിച്ചിരിക്കുന്നത്. ഇതിന് മുന്നിലായി അഞ്ച് പോയിന്റുകളുള്ള ഒരു നക്ഷത്രവുമുണ്ട്.
ഈ നക്ഷത്രത്തിന് നടുവിലായി നിത്യ ജ്വാലയും കാണാം. ഒരിക്കലും മരിക്കാത്ത സൈനികരുടെ വീര്യത്തെ പോലെ അവരുടെ പോരാട്ടങ്ങളെ പോലെ അസ്തമിക്കാത്ത ജ്വാലയായി എന്നും ആ തീ അവിടെ ജ്വലിക്കാറുണ്ട്. എറ്റേണൽ ജ്വാല എന്നാണ് ഇത് അറിയപ്പെടുന്നത്. ‘നിങ്ങളുടെ പേര് അജ്ഞാതമാണ് എന്നാൽ നിങ്ങളുടെ പ്രവൃത്തി അനശ്വരമാണെന്ന’ സന്ദേശം സ്മൃതി കുടീരത്തിൽ കൊത്തിവച്ചിരിക്കുന്നു. റഷ്യയിലെ അജ്ഞാത സൈനികന്റെ സ്മൃതികുടീരം രണ്ടാം ലോകമഹായുദ്ധസമയത്ത് നടത്തിയ ത്യാഗങ്ങളുടെ ശക്തമായ ഓർമ്മപ്പെടുത്തലാണെന്ന് റഷ്യൻ സർക്കാർ പറയുന്നു.