അട്ടിമറികൾ ഏറെ കണ്ട യൂറോ കപ്പ് ടൂർണമെന്റ്. മുൻചാമ്പ്യന്മാരാണെന്ന കരുത്തിലെത്തിയ ഇറ്റലി ഉൾപ്പെടെയുള്ള വമ്പന്മാർ പാതിവഴിയിൽ വീണു. ഇനി അംഗം അവസാന നാലിലാണ്. ബെർലിനിലെ കലാശപ്പോരിലേക്ക് എത്തുന്ന ആദ്യ ടീം ഏതാകും. ആദ്യ സെമിയിൽ ഫ്രാൻസും സ്‌പെയിനും കലാശപ്പോരിന് സമമായ മത്സരം കാഴ്ചവയ്‌ക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാലാം കിരീടമാണ് സ്‌പെയിൻ ലക്ഷ്യം വയ്‌ക്കുന്നതെങ്കിൽ മൂന്നാം കിരീടമാണ് ഫ്രാൻസ് മോഹിക്കുന്നത്. പുലർച്ചെ 12.30-നാണ് മത്സരം.
അഞ്ച് മത്സരങ്ങളും ജയിച്ചെത്തുന്ന സ്‌പെയിൻ സെമി ഫൈനലിന് യോഗ്യത നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. ടൂർണമെന്റിൽ 11 തവണ എതിരാളികളുടെ വലകുലുക്കിയ സ്പാനിഷ് സംഘം വഴങ്ങിയത് 2 ഗോൾ മാത്രം. യുവനിരയാണ് സ്‌പെയിനിന്റെ കരുത്ത്. ടൂർണമെന്റിലെ പ്രായം കുറഞ്ഞ താരം ലാമിൻ യമാൽ മൈതാനത്ത് നിറഞ്ഞാടുകയാണ്. നിക്കോ വില്യംസ്, അൽവാരൊ മൊറാട്ട, ഡാനി ഓൽമോ എന്നിവരാണ് മുന്നേറ്റത്തിലെ പ്രമുഖർ. മദ്ധ്യനിരയുടെ കടിഞ്ഞാൺ റോഡ്രിയുടെ കാലുകളിൽ. എന്നാൽ പെഡ്രിയുടെ പരിക്കും ഡാനി കർവാഹാൽ, റോബിൻ നോർമൻസ് എന്നിവരുടെ സസ്‌പെൻഷനും ടീമിന് തിരിച്ചടിയാണ്.
യൂറോ കപ്പിൽ കാര്യമായ ചലനങ്ങളുണ്ടാക്കാതെയാണ് ഫ്രാൻസിന്റെ സെമി ഫൈനൽ പ്രവേശനം. ഫ്രഞ്ച്പ്പട ടൂർണമെന്റിൽ നേടിയ മൂന്ന് ഗോളുകളിൽ രണ്ടും എതിരാളികളുടെ സംഭാവനയായിരുന്നു. മൂന്നാമത്തെതാകട്ടെ പെനാൽറ്റിയും. എതിരാളികളുടെ ബോക്‌സിലേക്ക് പന്ത് എത്തിക്കുന്നുണ്ടെങ്കിലും ലക്ഷ്യം കാണാൻ കഴിയുന്നില്ലെന്നതാണ് വലിയ പോരായ്മ. എംബാപെയും ഗ്രീസ്മാനും കമവിംഗയും തിളങ്ങിയാൽ ഫ്രാൻസ് കളത്തിൽ തീപ്പാെരി ചിതറിക്കും. കൗണ്ടേ, സാലിബ, ഉപമെക്കാനോ, ഹെർണാണ്ടസ് എന്നിവർ അണിനിരക്കുന്ന പ്രതിരോധം ശക്തം.















