കോഴിക്കോട്: വയോധികയെ ഓട്ടോയിൽ നിന്ന് തള്ളിയിട്ട ശേഷം സ്വർണമാല കവർന്ന സംഭവത്തിൽ ഡ്രൈവർ പിടിയിൽ. ജീവകാരുണ്യ പ്രവർത്തകനായ ഉണ്ണികൃഷ്ണനാണ് പിടിയിലായത്. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ ചോദ്യം ചെയ്യലിൽ ഓട്ടോ ഡ്രൈവർ കുറ്റം സമ്മതിച്ചു.
സ്ഥിരം മദ്യപാനിയായ ഉണ്ണി കൃഷ്ണൻ ജീവകാരുണ്യ പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ ഇയാൾ ചെയ്തിട്ടുണ്ട്. ഇതിനാൽ പിടിക്കപ്പെടില്ലെന്ന ധൈര്യത്തിലായിരുന്നു ഇയാൾ നടന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഉണ്ണികൃഷ്ണനാണെന്ന് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയനാട് ഇരുളം സ്വദേശിയായ 69കാരി ജോസഫീനയെയാണ് ഉണ്ണികൃഷ്ണൻ ഓട്ടോയിൽ നിന്ന് തള്ളിയിട്ട ശേഷം മാല കവർന്ന് കടന്നുകളഞ്ഞത്. പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വയോധിക, മഴയായതിനാൽ കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോ വിളിക്കുകയായിരുന്നു.
എന്നാൽ ഏറെ നേരം കഴിഞ്ഞും സ്റ്റാൻഡ് എത്താത്തതിനെ തുടർന്ന് വാഹനം നിർത്താൻ ജോസഫീന ആവശ്യപ്പെട്ടു. ഇതോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയ ശേഷം വയോധികയെ തള്ളിയിട്ട് മാല കവരുകയായിരുന്നു. താടിയെല്ലിന് പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സയിലാണ്.















