തമിഴ് സംഗീത സംവിധായകൻ ഹിപ്പ്ഹോപ് തമിഴ ആദിയെ കണ്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് തെറ്റുദ്ധരിച്ച് യാത്രക്കാരൻ. വിമാനത്താവളത്തിലുണ്ടായ രസകരമായ അനുഭവം താരം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ആദി പങ്കുവച്ച വീഡിയോയിൽ വിമാനത്താവളത്തിൽ വച്ച് ഒരാൾ വന്ന് ആദിയുമായി സംസാരിക്കുന്നതും സെൽഫിയെടുക്കുന്നതും കാണാം. എന്നാൽ, പിന്നീട് ആദി ഇതിന് നൽകുന്ന വിശദീകരണമാണ് എല്ലാവരെയും ചിരിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് കരുതിയാണ് തന്നോട് അയാൾ സംസാരിച്ചതെന്ന് ആദി വീഡിയോയിൽ പറയുന്നുണ്ട്.
‘എയർപോട്ടിൽ നിൽക്കുന്ന സമയത്ത് ഒരാൾ എന്റെയടുത്ത് വന്ന് സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. ഫോട്ടോ എടുത്തിന് ശേഷം അയാൾ നന്ദിയും പറഞ്ഞു. ആദ്യം വിചാരിച്ചത് പാട്ട് കേട്ടിട്ടുള്ള ആളാണെന്നാണ്. പിന്നീടാണ് അയാള്‍ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞത്. നമ്മുടെ പാട്ട് അവിടെയൊക്കെ വൈറലായോ എന്ന് ഞാൻ ചിന്തിച്ചു.
‘താങ്ക് യൂ ഫോര്‍ വിന്നിംഗ് ദി വേള്‍ഡ് കപ്പ് ഫോര്‍ അസ്’ എന്നു പറഞ്ഞപ്പോഴാണ് ആളെ മാറിപ്പോയതാണെന്ന് മനസിലായത്. എന്നെ മനസിലായോന്ന് ചോദിച്ചപ്പോൾ അയാൾ പെട്ടെന്ന് തന്നെ രോഹിത് ശർമ്മയല്ലേയെന്നും ചോദിച്ചു. പിന്നീട് താൻ രോഹിതല്ല, ഒരു മ്യൂസിക് ഡയറക്ടറാണെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി വിട്ടെന്നുമാണ്’ ആദി വീഡിയോയിൽ പറയുന്നത്.
View this post on Instagram
ഗായകനായും സംഗീത സംവിധായകനായും നടനായും കഴിവ് തെളിയിച്ച ആളാണ് ഹിപ്പ്ഹോപ് തമിഴ എന്ന ആദി. മീസയൈ മുറുക്ക്, നട്‌പേ തുണൈ എന്നീ ചിത്രങ്ങളിലൂടെ നായകനായെത്തി താരം പ്രേക്ഷക പ്രീതിയും നേടിയിരുന്നു.