ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തിൽ ചൈനയ്‌ക്ക് പ്രശ്‌നങ്ങളില്ലെന്നും, ആശങ്ക മുഴുവൻ പാശ്ചാത്യ രാജ്യങ്ങൾക്കാണെന്നും ചൈനീസ് ദിനപത്രം. ചൈനീസ് ദിനപത്രമായ ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനത്തെക്കുറിച്ചുള്ള ചൈനയുടെ കാഴ്‌ച്ചപ്പാടുകൾ പറയുന്നത്.
ചൈനയ്‌ക്കെതിരെ അതൃപ്തി സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും, ഇതിനിടയിൽ ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുന്നത് ഇവർക്ക് തിരിച്ചടിയായി മാറുന്നുണ്ടെന്നുമാണ് ഗ്ലോബൽ ടൈംസ് ആരോപിക്കുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾ അതൃപ്തി അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ-റഷ്യ ബന്ധം ചൈന ഒരു ഭീഷണിയായി കാണുന്നില്ലെന്നും സിചുവാൻ ഇന്റർനാഷണൽ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ലോങ് സിംഗ്ചുൻ ലേഖനത്തിൽ പറയുന്നു.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ചൈന സ്വീകരിച്ച നിലപാടുകൾക്കെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചു. എന്നാൽ ഇന്ത്യ റഷ്യയുടെ നിലപാടുകളെ അപലപിക്കാനോ മറ്റ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉപരോധം നടത്താനോ ശ്രമിച്ചില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി അവർ യൂറോപ്യൻ രാജ്യങ്ങൾക്ക് വിറ്റു. എന്നിട്ടും ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് നേരിട്ട വിമർശനം വളരെ ചെറുതാണ്.
ഇന്ത്യയെ അവർക്കൊപ്പം ചേർക്കാനുള്ള ശ്രമങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ നടത്തിയിരുന്നു. പക്ഷേ ഇന്ത്യ സ്വീകരിച്ച നിലപാടുകൾ അവർക്ക് അനുകൂലമായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദം വകവയ്‌ക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടവും അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ റഷ്യ സന്ദർശിച്ചത്. ഇത് റഷ്യയോടുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, മറിച്ച് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ സ്വാധീനം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.















