നിങ്ങളെ കുറിച്ച് പറയാനും എഴുതാനും ഹൃദയത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. ഉള്ളിൽ കിടക്കുന്ന വികാരങ്ങളെ എങ്ങനെ എഴുതിപ്പിടിക്കുമെന്ന് എനിക്കറിയില്ല. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ദ്രാവിഡിനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് രോഹിത് ശർമ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രാഹുലിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഇതിനോടകം ആരാധകരും ഏറ്റെടുത്തു.
” രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ പോലെ കുട്ടിക്കാലത്ത് ഞാനും നിങ്ങളെ ആരാധിച്ചിരുന്നു. അടുത്ത് കാണാൻ പറ്റിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു. അത് സാധ്യമായി. താങ്കൾക്കൊപ്പം കളിക്കാനും താങ്കളുടെ ശിക്ഷണത്തിൽ ലോകകപ്പ് നേടാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. ക്രിക്കറ്റിലെ അതികായനായ നിങ്ങൾ അതിന്റെ തലക്കനമില്ലാതെയാണ് ഞങ്ങളുടെ പരിശീലകനായി എത്തിയത്. ഞങ്ങളുടെ സുഹൃത്തായി മാറിയ നിങ്ങളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഈ വിനയമായിരുന്നു ഞങ്ങൾക്ക് ലഭിച്ച സമ്മാനം. നിങ്ങളിൽ നിന്നും പഠിച്ച ഓരോ കാര്യവും എന്റെ ഓർമ്മകളിലുണ്ടാകും. റിതിക നിങ്ങളെ എന്റെ വർക്ക് വൈഫ് എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം തോന്നും. നമ്മളൊരുമിച്ച് ടി20 കിരീടം നേടിയതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെന്റെ സുഹൃത്തും പരിശീലകനും വിശ്വസതനുമെല്ലാമാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു”.- രോഹിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
“>
16 വർഷം ഇന്ത്യൻ ടീമിൽ കളിച്ച രാഹുൽ ദ്രാവിഡ് കളിക്കാരൻ എന്നനിലയ്‌ക്ക് കിരീടം അർഹിച്ചിരുന്നെങ്കിലും അത് നേടാനായില്ല. പരിശീലക കരിയറിന്റെ അവസാനദിനമാണ് ടി20 ലോകകപ്പ് കിരീടവുമായി ദ്രാവിഡ് മടങ്ങുന്നത്. ഒപ്പം ടി20 കരിയർ അവസാനിപ്പിച്ച് രോഹിത്തും കോലിയും അദ്ദേഹത്തിനൊപ്പം കളമൊഴിഞ്ഞു. കലാശപ്പോരിന് ശേഷം ഇന്ത്യൻ ടീമിന് ട്രോഫി സമ്മാനിച്ചതിന് പിന്നാലെ കോലി ആ ട്രോഫി ദ്രാവിഡിന്റെ കൈയിൽ കൊടുക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.