സിനിമയിൽ എത്തിയതിന് തനിക്ക് ഒരുപാട് പേരോട് കടപ്പാടും സ്നേഹവും ഉണ്ടെന്ന് നടൻ മോഹൻലാൽ. ഒരാളുടെ പേര് മാത്രം പറയാൻ കഴിയില്ലെന്നും താരം പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ജനങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻലാൽ. ആരോടാണ് ഏറ്റവും കടപ്പാടുള്ളത് എന്ന ചോദ്യത്തിനാണ് താരം ഉത്തരം നൽകിയത്.
“എനിക്ക് കടപ്പാടും സ്നേഹവും ആരോടാണെന്ന് തീർച്ചയായിട്ടും പറയാം. നമ്മളെ ഇത്രയും വർഷം സിനിമയിൽ നിൽക്കാൻ സഹായിച്ച ഒരുപാട് പേരുണ്ട്. ഒരാളുടെ പേര് മാത്രമായി പറയാൻ കഴിയില്ല. എന്റെ സിനിമകളുടെ തിരക്കഥാകൃത്തുക്കൾ, സംവിധായകന്മാർ, എന്റെ സിനിമകളുടെ പ്രേക്ഷകർ, എന്റെ അച്ഛനും അമ്മയും. എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്”.
“കടപ്പാട് എന്ന വാക്കിനപ്പുറം നന്ദിയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഇദ്ദേഹമാണ് എന്ന് പറയാൻ ഒരാള് എനിക്കില്ല. നമ്മൾ ഒരുപാട് പരിശ്രമിച്ചിട്ട് ആയിരിക്കാം സിനിമയിലെത്തിയത്. നമ്മൾ മാത്രമാണ് ചെയ്തത് എന്ന തോന്നൽ ഉണ്ടാകാതിരുന്നാൽ മതി. ആരൊക്കെയോ സഹായിച്ചിട്ടുണ്ട്. എന്നാൽ അത് ആരാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നാൽ മതി”-മോഹൻലാൽ പറഞ്ഞു.