സ്റ്റൈലിലും കോസ്റ്റ്യൂമിലും യുവ താരങ്ങളെ പോലും വെല്ലുന്ന നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. താരങ്ങൾ ധരിക്കുന്ന ഷർട്ടുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകാറുണ്ട്. ഇപ്പോഴിതാ, താൻ വലിയ മൂല്യം കൽപ്പിച്ച് സൂക്ഷിക്കുന്ന ഒരു ഷർട്ട് ഉണ്ടെന്ന് പറയുകയാണ് മോഹൻലാൽ. താൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി മരിക്കുന്നതിനു മുൻപ് തനിക്ക് നൽകിയ ഷർട്ടാണ് ഒരു നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
“പണ്ടൊക്കെ വളരെ അപൂർവ്വമായിട്ടെ ഷർട്ടുകൾ കിട്ടാറുണ്ടായിരുന്നുള്ളു. എന്തെങ്കിലും പരിപാടിയിലോ കല്യാണത്തിനോ പോകാൻ മാത്രം. പണ്ടൊക്കെ ഡ്രസ്സിങ്ങിൽ ഞാൻ അധികം ശ്രദ്ധിക്കാറില്ലായിരുന്നു. ഇപ്പോഴാണ് കൂടുതലും അത് നോക്കുന്നത്. കൂടെയുള്ളവർ നല്ല ഉടുപ്പുകൾ ഇടുമ്പോൾ ഞാനും ഇടുന്നു. എനിക്ക് പ്രത്യേകമായി ഒരു കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്ന ആളില്ല. ഞങ്ങൾ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് ഒരുപാട് ഷർട്ടുകൾ ഒന്നുമില്ല. വളരെ കുറച്ച് ഷർട്ടുകൾ മാത്രമായിരുന്നു ഇടാൻ ഉണ്ടായിരുന്നത്. നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അത്തരത്തിലായിരുന്നു. അന്നൊരു ഷർട്ട് തുന്നി കിട്ടുക എന്ന് പറയുന്നത് വലിയ ഒരു കാര്യമാണ്”.
“പണ്ട് ഉപയോഗിച്ചിരുന്ന ഷർട്ടുകൾക്കൊക്കെ വലിയ വില ഞാൻ കൊടുത്തിരുന്നു. ഒരുപാട് ദിവസങ്ങൾ കാത്തിരുന്നായിരിക്കും ഒരു ഷർട്ട് തുന്നി കിട്ടുക. അതുകൊണ്ടുതന്നെ എന്റെ പഴയ ഷർട്ടുകൾക്കെല്ലാം ഞാൻ ഒരു വില നൽകുന്നുണ്ട്. ഞാൻ വളരെ അമൂല്യമായി ഇപ്പോഴും സൂക്ഷിക്കുന്ന ഒരു ഷർട്ട് ഉണ്ട്. ഞാൻ ആദ്യമായാണ് ഇത് പറയുന്നത്. ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്നു പറയുന്ന ഒരു മനുഷ്യൻ തന്ന ഷർട്ടാണത്. അദ്ദേഹം മരിച്ചു പോയി. ഞാനും അദ്ദേഹവുമായി വളരെയധികം അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ക്യാപ്റ്റൻ കൃഷ്ണൻ നായരാണ് ലീല എന്നു പറയുന്ന വലിയ ബ്രാൻഡ് ഉണ്ടാക്കിയത്. 90 ആം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ കാണാൻ ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു. അങ്കിളിന്റെ ഷർട്ട് ഒരെണ്ണം വേണമെന്നും പറഞ്ഞു. ആ ഷർട്ട് മൂല്യമുള്ളതായി ഞാൻ സൂക്ഷിക്കുന്നു”-മോഹൻലാൽ പറഞ്ഞു.