എറണാകുളം: കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ എസ്എഫ്ഐക്കും പരാതിക്കാരിക്കുമെതിരെ സർവ്വകലാശാല ഇടത് അദ്ധ്യാപക സംഘടന. സിൻഡിക്കേറ്റ് അംഗവും അദ്ധ്യാപകനുമായ പികെ ബേബിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചർ അസോസിയേഷൻ ആരോപിച്ചു.
ക്യാമ്പസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള എസ്എഫ്ഐയുടെ ശ്രമമാണിതെന്നും പരാതി നൽകിയ പെൺകുട്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടന കളമശേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ സർവ്വകലാശാല കലോത്സവത്തിനിടെ പികെ ബേബി കടന്നുപിടിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് അന്ന് വലിയ തോതിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയ ഇടപെടലുകൾ മൂലം വിദ്യാർത്ഥിനി പരാതിയിൽ നിന്ന് പിന്മാറുകയായിരുന്നു. ബേബിക്കെതിരെ നടപടിയെടുക്കാനും സർവ്വകലാശാല തയ്യാറായിരുന്നില്ല.
ബേബിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തകർ പെൺകുട്ടിയെയും കുടുംബത്തെയും പറഞ്ഞ് പറ്റിച്ചിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ പെൺകുട്ടി പരാതി രേഖാമൂലം കൂസാറ്റിലെ ആഭ്യന്തര സമിതിക്ക് കൈമാറി. ഇയാൾക്കെതിരെ മൊഴിയും പെൺകുട്ടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സമിതി കളമശേരി പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ബേബിക്കെതിരെ കേസെടുക്കുകയായിരുന്നു.















