മൈസൂരു: മൈസൂരു നഗരവികസന വകുപ്പ് അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി. മൈസൂരു നഗരവികസന വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വ്യാജരേഖ ചമച്ചെന്നാണ് പരാതി. സാമൂഹ്യ പ്രവർത്തക സ്നേഹമയി കൃഷ്‌ണയാണ് പരാതി നൽകിയിരിക്കുന്നത്.
സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി ദേവരാജ്, ദേവരാജന്റെ കുടുംബം എന്നിവർക്കെതിരെയാണ് പരാതിയിൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മൈസൂരുവിലെ വിജയനഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വ്യാജരേഖകൾ ചമയ്‌ക്കുകയും അതിലൂടെ നഗരവികസനവകുപ്പിന്റെ കണ്ണിൽ പൊടിയിട്ട് 3800 കോടിയിലധികം രൂപയുടെ ഭൂമി കൈവശപ്പെടുത്തിയെന്നാണ് കേസ്. ഈ ഭൂസ്വത്തുക്കൾ ഭാര്യയുടെ പേരിലേക്ക് സിദ്ധരാമയ്യ മാറ്റിയതായും പരാതിയിൽ ആരോപിക്കുന്നു.
ഡെപ്യൂട്ടി കമ്മീഷണർ, തഹസിൽദാർ, ഡെപ്യൂട്ടി രജിസ്ട്രാർ, നഗരവികസന വകുപ്പ് അധികാരികൾ എന്നിവർക്കും കേസിൽ പങ്കുണ്ടെന്നാണ് ആരോപണം. മൈസൂരു നഗരവികസന വകുപ്പ് അഴിമതിയിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.