തിരുവനന്തപുരം: ഗുരുതരമായ കണ്ടെത്തലുകളോടെ ISRO ചാരക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതിയാക്കിയ ISRO ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് സിബിഐ കണ്ടെത്തൽ. നമ്പി നാരായണമെ യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റ് ചെയ്തത്. സിഐ ആയിരുന്ന എസ്. വിജയനാണ് കേസ് കെട്ടിച്ചമതെങ്കിലും രണ്ടാം പ്രതി സിബി മാത്യൂസായിരുന്നു ഗൂഢാലോചനയുടെ ബുദ്ധി കേന്ദ്രം.
മുൻ പൊലീസുകാരും ഐബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐയുടെ കുറ്റപത്രം. മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ എസ്പി എസ് വിജയൻ, മുൻ സിഐ കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ.
മറിയം റഷീദയ്‌ക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ കള്ളക്കേസെടുപ്പിച്ചു. കസ്റ്റഡിയിൽ വച്ച് തുടരെ പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു ക്രൂരമായ ശാരീരിക-മാനസിക പീഡനം. അന്വേഷണ സംഘത്തിലെ പ്രധാനി സിഐ കെകെ ജോഷ്വായായിരുന്നു വ്യാജ തെളിവുകളും രേഖകളും ചമച്ചത്. പ്രതി ചേർത്തവരുടെ വീടുകളിലെ പരിശോധനയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല.
എസ്.ഐ.ടി കസ്റ്റഡിയിലുള്ളപ്പോൾ ഐബി ഉദ്യോഗസ്ഥർ പ്രതി ചേർത്തവരെ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. ജയപ്രകാശ് നമ്പി നാരായണനെ ക്രൂരമായി മർദ്ദിച്ചു. സിബിഐ എഫ്.ഐ.ആറിൽ 18 പ്രതികളാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ ഒഴിവാക്കുകയായിരുന്നു.















