ഓൾറൗണ്ട് പ്രകടനവുമായി രണ്ടാം ജയത്തോടെ സിംബാബ്‌വെയ്‌ക്കെതിരെയുള്ള പരമ്പരയിൽ മുന്നിലെത്തി ടീം ഇന്ത്യ. ബാറ്റിംഗിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും(66) ഋതുരാജ് ഗെയ്ക്വാദും(49) തിളങ്ങിയപ്പോൾ ബൗളിംഗിൽ മൂന്ന് വിക്കറ്റ് നേടിയ വാഷിംഗ്ടൺ സുന്ദറാണ് ശോഭിച്ചത്. ഇന്ത്യയുയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്‌ക്ക് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്ക് 23 റൺസിന്റെ ആധികാരിക ജയം.
49 പന്തിൽ 65 റൺസെടുത്ത ഡിയോണ്‍ മിയേഴ്‌സ് സിംബാബ്‌വെയ്‌ക്കായി പൊരുതിയത്. 26 പന്തിൽ 37 റൺസെടുത്ത ക്ലൈവ് മദാന്‍ഡെയാണ് മറ്റൊരു ടോപ് സ്കോറർ. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ്കൂട്ടിച്ചേർത്ത് ഇന്ത്യക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. ക്ലൈവിനെ പുറത്താക്കി വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.
നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ആവേശ് ഖാന് രണ്ടു വിക്കറ്റ് കിട്ടിയപ്പോൾ ഖലീൽ അഹമ്മദ് ഒരു വിക്കറ്റ് വീഴ്‌ത്തി. ബ്ലെസിംഗ് മുസറബാനി, സിക്കന്ദർ റാസ എന്നിവരാണ് സിംബാബ്‌വെയ്‌ക്കായി രണ്ടു വിക്കറ്റ് വീതം നേടിയത്. ഇന്ന് ബാറ്റിംഗിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ 7 പന്തിൽ 12 റൺസ് നേടി. പരമ്പരയിലെ ശേഷിക്കുന്ന രണ്ടുമത്സരങ്ങൾ ശനി-ഞായർ ദിവസങ്ങളിൽ നടക്കും.