ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ ലഭിച്ച 100 കോടി പ്രതിഫലത്തുകയുടെ പങ്ക് നേരിട്ട് ഉപയോഗിച്ചതായി അന്വേഷണ ഏജൻസി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. AAP സർക്കാർ രൂപീകരിച്ച മന്ത്രിമാരുടെ സംഘവും കപടമാണെന്ന് അന്വേഷണ ഏജൻസി പറയുന്നു.
മെയ് 17 ന് സമർപ്പിച്ച പ്രോസിക്യൂഷന്റെ പരാതി കഴിഞ്ഞ ദിവസം പരിഗണിച്ച കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനായുള്ള (പിഎംഎൽഎ) പ്രത്യേക കോടതി ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവിന് വാറണ്ട് പുറപ്പെടുവിച്ചു.
കേസിൽ സമർപ്പിച്ച ഏഴാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള കണ്ടെത്തലുകൾ. 209 പേജുള്ള കുറ്റപത്രത്തിൽ കെജ്‌രിവാളിന്റെ പങ്കിനെകുറിച്ച് വിശദമായി പറയുന്നു. മദ്യനയ അഴിമതിയിലെ മുഖ്യ ആസൂത്രകനാണ് കെജ്‌രിവാൾ. ഗോവയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ താമസിക്കുന്നതിനും പരിപാടികൾക്കുമായി കേസിലെ മറ്റൊരു പ്രതി ചൻപ്രീത് സിംഗ് മുഖേന മദ്യനയ അഴിമതിയിലെ പ്രതിഫലത്തുകയിൽ ഒരുഭാഗം ഉപയോഗിച്ചു. അഴിമതിയിലൂടെ നേടിയെടുത്ത പണം സർക്കാരിന്റെ ഫണ്ടുമായി കൂട്ടിക്കുഴച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
ഡൽഹിയിലെ മദ്യ വ്യവസായികൾക്കും ‘സൗത്ത് ഗ്രൂപ്പ്’ രാഷ്‌ട്രീയക്കാർക്കും അനുകൂലമായി മദ്യനയത്തിൽ കൃത്രിമത്വം കാട്ടിയതിനാണ് ഇവരിൽ നിന്നും 100 കോടി പ്രതിഫലത്തുക കെജ്‌രിവാളും കേസിലെ മറ്റ് പ്രതികളും കൈപ്പറ്റിയത്. ഇതിൽ 45 കോടി 2022 ൽ ഗോവയിൽ നടന്ന AAP യുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിച്ചുവെന്ന് ഇഡി പറയുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ വെളുപ്പെടുത്തിയിട്ടില്ല. പ്രതിഫലത്തുകയായ 100 കോടിയുടെ ചെലവഴിക്കലിൽ അരവിന്ദ് കെജ്‌രിവാളിന് കൃത്യമായ നിയന്ത്രണം ഉണ്ടായിരുന്നുവെന്നും ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.