ചെന്നൈ: കോയമ്പത്തൂർ എം.ജി. ആർ നഗറിൽ യുവതിയെയും രണ്ടുമക്കളെയും വാട്ടർ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. 35 കാരിയായ പുഷ്പ, മക്കളായ ഹരിണി (9), ശിവാനി (3) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുഷ്പയുടെ ഭർത്താവായ തങ്കരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ തങ്കരാജ്, മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയുമായി വഴക്കിട്ടിരുന്നു. പ്രകോപിതനായ ഇയാൾ മൂത്ത മകളെ ടാങ്കിലേക്ക് എടുത്തെറിയുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനായി പുഷ്പ ടാങ്കിൽ ഇറങ്ങിയ സമയത്ത് ഇയാൾ ഇളയ മകളെയും ടാങ്കിൽ തള്ളിയിട്ടു. പിന്നീട് ടാങ്ക് അടച്ചിടുകയായിരുന്നു. ഇതോടെ മൂന്നു പേരും മുങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും ടാങ്കിൽ മരിച്ചു കിടക്കുന്നതായാണ് തങ്കരാജ് അയൽവാസികളെ അറിയിച്ചത്. എന്നാൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.