തിരുവനന്തപുരം: ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് കമ്യൂണിസ്റ്റുകാർ ഉൾപ്പെടുന്ന വിശ്വാസികളാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് ശേഷം ബോധം ഉദിച്ചത് നന്നായെന്നും ക്ഷേത്രങ്ങൾ ഭരിക്കാൻ അയക്കുന്ന ദേവസ്വം മന്ത്രിയെയും ചെയർമാനെയും മെമ്പർമാരെയും ജീവനക്കാരെയുമെല്ലാം വിശ്വാസികളാക്കുകയാണ് സിപിഎം ആദ്യം ചെയ്യേണ്ടതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശ്രീകോവിലിൽ നടതുറക്കുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നവരെയും തീർത്ഥം വാങ്ങാൻ അറപ്പുള്ളവരെയും ദേവനെ കൈ കൂപ്പാൻ മടിയുള്ളവരെയുമൊന്നും ക്ഷേത്രങ്ങളിലേക്ക് അയക്കരുത്. ഇനിയും ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റുകാർ ഉൾപ്പെടുന്ന വിശ്വാസി സമൂഹം ആരാധനാലയങ്ങൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വരണം. വിശ്വാസത്തിന്റെ പേരിൽ ആർഎസ്എസുകാരല്ല ക്ഷേത്രങ്ങൾ സംരക്ഷിക്കേണ്ടത്. ആർഎസ്എസ് വിശ്വാസത്തെ മുതലെടുക്കുകയാണ്.
അവിടെ കമ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ വിശ്വാസികളായ സമൂഹം ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വരണം. ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കയ്യിൽ ആരാധനാലയങ്ങൾ വരണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ മണ്ഡലകാലവും മിത്ത് വിവാദവുമെല്ലാം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ. മണിക്കൂറുകൾ കാത്തുനിന്നിട്ടും മലചവിട്ടാൻ സാധിക്കാതെ വന്നതോടെ പന്തളത്തെയും പമ്പയിലെയും ക്ഷേത്രങ്ങളിലെത്തി മാലയൂരി കണ്ണീരോടെ മടങ്ങാൻ ഭക്തരെ പ്രേരിപ്പിച്ചു. ശബരിമലയിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാനോ തിരക്ക് നിയന്ത്രിക്കാനോ സർക്കാരിനും മറ്റ് സംവിധാനങ്ങൾക്കും കഴിഞ്ഞില്ല. ഹൈക്കോടതി പോലും ഇടപെട്ടങ്കിലും മണ്ഡലകാലം അവസാനിക്കും വരെ ഭക്തരുടെ ദുരിതത്തിന് അറുതിയില്ലായിരുന്നു. മണിക്കൂറുകളോളം അയ്യപ്പഭക്തർ വെളളം പോലും കിട്ടാതെ കാത്തു നിൽക്കേണ്ട സാഹചര്യമായിരുന്നു ഇക്കുറി ഉണ്ടായത്.















