ഗുവാഹത്തി: മാതാപിതാക്കളുടെ ഒപ്പം സമയം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് അസം. നവംബർ മാസത്തിലെ രണ്ട് ദിവസമാണ് പ്രത്യേക അവധിയെടുക്കാനാവുക. ഇതുസംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഓഫീസ് പുറത്തിറക്കിയിട്ടുണ്ട്.
വ്യക്തിപരമായ വിനോദങ്ങൾക്കോ ആഘോഷങ്ങൾക്കോ ഈ അവധി ഉപയോഗിക്കാൻ പാടില്ലെന്നും മാതാപിതാക്കൾ (ഭർത്താവിന്റെയോ ഭാര്യയുടേയോ) ഉള്ളവർ മാത്രമാണ് അവധിക്ക് അർഹരാവുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നവംബർ 6, 8 ദിവസങ്ങളിലാണ് പ്രത്യേക അവധി നൽകുന്നത്. നവംബർ ഏഴിന് ഛത് പൂജ, ഒമ്പതിന് രണ്ടാം ശനിയാഴ്ച, 10ന് ഞായറാഴ്ച എന്നിവ പ്രമാണിച്ച് അവധി വരുന്നതിനാലാണ് 6, 8 തീയതികൾ പ്രത്യേക അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
മാതാപിതാക്കൾ അവരുടെ വാർധക്യ കാലത്ത് നേരിടുന്ന ഒറ്റപ്പെടൽ അടക്കമുള്ള പ്രശ്നങ്ങൾ കണക്കിലെടുത്താണ് സർക്കാർ നീക്കം. വയോധികരായ മാതാപിതാക്കളുടെ പക്കൽ രണ്ടുദിവസമെങ്കിലും മക്കളുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രത്യേക കാഷ്വൽ ലീവിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.