ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് ഒരുങ്ങുകയാണ് പാകിസ്താൻ ടീം. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. ഷാൻ മസൂദിനെ തന്നെ നായകനായി നിലനിർത്താനാണ് പിസിബി തീരുമാനം. വൈറ്റ് ബോൾ ക്യാപ്റ്റനായ ബാബർ അസമിനെ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ടി20 ലോകകപ്പിലടക്കമുള്ള ടീമിന്റെ മോശം പ്രകടനമാണ് താരത്തിന് വിലങ്ങുതടിയായത്.പിസിബി ചെയർമാൻ മെഹ്സിൻ നഖ്വിയുടെ നിർദ്ദേശത്തിലാണ് ബാബർ വീണ്ടും ക്യാപ്റ്റനായത്. ഇത് ടീമിലെ പലർക്കും ദഹിച്ചിരുന്നില്ല. ഇതിനിടെയാണ് തുടരെയുള്ള പരാജയങ്ങളും.
മുൻ താരങ്ങളടക്കം ബാബറിനെതിരെ വാളോങ്ങി നിൽക്കുകയാണ്. ഇതിനിടെ പിസിബി ഒരു മീറ്റിംഗ് ചേർന്നു. റെഡ്ബോൾ പരിശീലകനായ ജേസൺ ഗില്ലസ്പി,വൈറ്റ് ബോൾ പരിശീലകൻ ഗാരി കിർസ്റ്റൺ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത മീറ്റിംഗിലാണ് ഷാൻ മസൂദിനെ തന്നെ തുടരാൻ അനുവദിച്ചാൽ മതിയെന്ന തീരുമാനം വന്നത്.
അതേസമയം ബാബർ അസമിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സിയും തുലാസിലാണ്. ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും ടി20 ലോകകപ്പിലടക്കം ബാബർ പരാജയമായിരുന്നു. ഇതിന് പിന്നാലെ ഷാഹിദ് അഫ്രീദിയടക്കം ബാബറിനെതിരെ രംഗത്തുവന്നിരുന്നു. ഏറ്റവും കൂടുതൽ അവസരം കിട്ടിയ താരമാണ് ബാബർ എന്ന് തുറന്നടിച്ചിരുന്നു. ഇനി പാകിസ്താന് ഓസ്ട്രേലിയൻ പര്യടനമുണ്ട്. ഏകദിന-ടി20 മത്സരങ്ങളാണ് വിദേശത്ത് കളിക്കുന്നത്. നായകനെന്ന നിലയിൽ ബാബറിന്റെ ഭാവി തീരുമാനിക്കുക ഈ പരമ്പരയാകും.