എറണാകുളം: നടൻ സലീം കുമാറിന്റെ പേരിൽ വ്യാജ പോസ്റ്റുകൾ നിർമിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എറണാകുളം റൂറൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാജ വാർത്തകൾ നിർമിക്കുന്നതും അവ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് സലീം കുമാറിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പ്രതികരിച്ച് സലീം കുമാർ രംഗത്തെത്തിയിരുന്നു. തനിക്ക് സഹോദര തുല്യനായ വ്യക്തിയാണ് സുരേഷ് ഗോപിയെന്നും തനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും സലീം കുമാർ വ്യക്തമാക്കിയിരുന്നു.