വാഷിംഗ്ടൺ: നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെന്ന് തെറ്റായി അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ബൈഡന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ആശങ്കകൾ ഇതോടെ വീണ്ടും ശക്തമായി. യുക്രെയ്‌നുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം അറിയിച്ച ശേഷം സെലൻസ്‌കിക്ക് മൈക്ക് കൈമാറുന്ന വേളയിലാണ് ബൈഡന് അബദ്ധം പിണഞ്ഞത്.
ഇരുകൂട്ടരുടേയും ബദ്ധശത്രുവായ പുടിന്റെ പേരിൽ സെലൻസ്‌കിയെ ബൈഡൻ അഭിസംബോധന ചെയ്യുകയായിരുന്നു. എന്നാൽ താൻ പുടിനെക്കാൾ നല്ലവനാണെന്നായിരുന്നു സെലൻസ്‌കിയുടെ പരിഹാസം. തന്റെ പ്രസംഗത്തിന് ശേഷമാണ് പുടിൻ സെലൻസ്‌കിയെ സംസാരിക്കാനായി ക്ഷണിച്ചത്. മൈക്ക് ഇനി യുക്രെയ്ൻ പ്രസിഡന്റിന് കൈമാറുകയാണെന്നും, ഏറെ നിശ്ചയദാർഢ്യത്തോടെയും ധൈര്യത്തോടെയും പ്രവർത്തിക്കുന്ന പ്രസിഡന്റ് പുടിനെ ക്ഷണിക്കുന്നു എന്നുമാണ് ബൈഡൻ പറയുന്നത്.
തിരിഞ്ഞ് നടന്ന ബൈഡൻ ഉടൻ തന്നെ തന്റെ അബദ്ധം മനസിലാക്കുകയും, പ്രസിഡന്റ് പുടിനെ തോൽപ്പിക്കാൻ പോകുന്നവൻ എന്ന് തിരുത്തുകയും ചെയ്തു. പുടിനെ പരാജയപ്പെടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ഇതിന് സെലൻസ്‌കിയുടെ മറുപടി. നാക്കുപിഴയുടെ പേരിൽ ബൈഡൻ തുടർച്ചയായി വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് പുതിയ സംഭവം. ബൈഡന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് മാറി നിൽക്കണമെന്നും ഡെമോക്രാറ്റുകൾക്കിടയിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം വിസ്‌കോൺസിൻ റാലിക്കിടെ 2020ൽ താൻ വീണ്ടും ട്രംപിനെ തോൽപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ട്രംപുമായി നടന്ന ആദ്യഘട്ട സംവാദത്തിലും ബൈഡന് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. തന്റെ ആരോഗ്യസ്ഥിതി അന്നേ ദിവസം മോശമായിരുന്നുവെന്നാണ് ബൈഡൻ ഇതിന് വിശദീകരണമായി പറയുന്നത്. മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും, ട്രംപിനെതിരായ ശക്തനായ സ്ഥാനാർത്ഥി താൻ തന്നെയാണെന്നും ബൈഡൻ അവകാശപ്പെടുന്നു. പാർട്ടിക്കുള്ളിൽ ഭിന്നസ്വരം ഉയർത്തുന്നതിന് പകരം എല്ലാവരും തന്നെ പിന്തുണയ്‌ക്കണമെന്നും ബൈഡൻ ആവശ്യപ്പെടുന്നു.