ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ. ബൈഡന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഒരു മണിക്കൂറോളം സമയം ഇരു നേതാക്കളും സംസാരിച്ചു.
ഫിൻലൻഡ് പ്രധാനമന്ത്രി അലക്‌സാണ്ടർ സ്റ്റബും ബൈഡന് പിന്തുണ അറിയിച്ചു. ബൈഡന് അമേരിക്കയെ നയിക്കാനും യുക്രെയ്‌നൊപ്പം നിന്ന് കൊണ്ട് നാറ്റോയെ നയിക്കാനും സാധിക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ കഴിവിൽ പൂർണ വിശ്വാസമുണ്ടെന്നും അലക്‌സാണ്ടർ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരും ബൈഡന് പിന്തുണ അറിയിക്കുന്നുണ്ട്. നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, ഗുരുതരമായി കാണേണ്ട കാര്യമില്ലെന്നുമാണ് ഷോൾസ് ചൂണ്ടിക്കാട്ടിയത്.
അതേസമയം നാറ്റോയുടെ 75-ാം വാർഷിക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ രൂക്ഷ വിമർശനമാണ് ബൈഡൻ ഉയർത്തിയത്. സെലൻസ്‌കിയുടെ നിലപാടുകളേയും ബൈഡൻ പ്രശംസിച്ചു. എന്നാൽ നാറ്റോ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സെലൻസ്‌കിയുടെ പേരിന് പകരം പുടിന്റെ പേര് പറഞ്ഞത് വീണ്ടും ബൈഡനെതിരായ വിമർശനങ്ങൾക്ക് ശക്തി കൂട്ടിയിട്ടുണ്ട്. പുടിന്റെ പേര് പറഞ്ഞ് അൽപ്പസമയത്തിനുള്ളിൽ തന്നെ തനിക്ക് അബദ്ധം സംഭവിച്ചതാണെന്ന് കാട്ടി ബൈഡൻ ഇത് തിരുത്തുന്നുമുണ്ട്. ഇതിന് പുറമെ മറ്റൊരു നാക്കുപിഴയും കൂടി അധികം വൈകാതെ സംഭവിച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേരിന് പകരം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരാണ് ബൈഡൻ പറയുന്നത്.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ബൈഡൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിയണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു. സംവാദങ്ങളിൽ ഉൾപ്പെടെ ബൈഡന് തുടർച്ചയായി അബദ്ധങ്ങൾ സംഭവിക്കുന്നത് ഗുരുതരമായി കാണേണ്ട വിഷയമാണെന്നാണ് ഇവർ പറയുന്നത്. ബൈഡന് പകരം കമലാ ഹാരിസിനെ സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ മത്സരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി താനാണെന്നും, ഒരിക്കലും മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നുമുള്ള നിലപാട് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലും ബൈഡൻ ആവർത്തിച്ചു.