തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി എന്താണെന്ന് വിഴിഞ്ഞം തുറമുഖം ലോകത്തിന് കാട്ടി കൊടുത്തെന്ന് മന്ത്രി വി എൻ വാസവൻ. കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, പ്രക്ഷോഭസമരങ്ങൾ എന്നിവയെ നേരിട്ട ഇടതുപക്ഷ സർക്കാരിന്റെ സഹിഷ്ണുതയുടെ സമീപനത്തിന്റെ ഫലമാണ് തുറമുഖമായി ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചതെന്നും മന്ത്രി അവകാശവാദമുയർത്തി. 2006-ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട മദർഷിപ്പ് സാൻ ഫെർണാണ്ടോ കപ്പലിന് നൽകിയ സ്വീകരണത്തിലുമാണ് പദ്ധതിയുടെ അവകാശവാദവുമായി വിഎൻ വാസവൻ രംഗത്തെത്തിയത്.
”1996-ൽ അധികാരത്തിൽ വന്ന ഇകെ നായനാർ ഗവൺമെന്റാണ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആദ്യമായി ഒരു സമിതിയെ നിയോഗിച്ചത്. ആന്റണി സർക്കാരിന്റെ കാലത്തും പദ്ധതിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ നടന്നു. 2006-ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന വിജയകുമാറും ചേർന്ന് തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കം നടത്തി. പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാതെ വന്നതോടെ പഠനം നടത്താനായി സമിതിക്ക് രൂപം നൽകി. ആ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ കരാറുമായി ആളുകൾ വന്നു. ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയുടെ ടെൻഡറിനുള്ള അനുമതിയും വി.എസ് സർക്കാർ നൽകി. 2010 ഓഗസ്റ്റ് 11നാണ് വി എസ് അച്യുതാനന്ദൻ വിഴിഞ്ഞം ഇന്റർനാഷണൽ കമ്പനി ഉദ്ഘാടനം ചെയ്തത്. ഈ സമയത്ത് കരാർ നൽകിയ കമ്പനിയുടെ പേരിൽ കേസ് വരികയും പദ്ധതി നിലയ്‌ക്കുകയും ചെയ്തു. 2015- ഓഗസ്റ്റിൽ അദാനി ഗ്രൂപ്പുമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് കരാറിൽ ഏർപ്പെട്ടു. കരാറിലെ ഉള്ളടക്കത്തോട് രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നത്. 2016 -ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ ഗവൺമെന്റാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.”- വി.എൻ.വാസവൻ പറഞ്ഞു.
കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, പ്രക്ഷോഭസമരങ്ങൾ എന്നിവയെ നേരിട്ട ഇടതുപക്ഷ സർക്കാരിന്റെ സഹിഷ്ണുതയുടെ സമീപനത്തിന്റെ ഫലമാണ് ഉയർന്നുവന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനം സംസ്ഥാന സർക്കാർ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ട് 3000 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബെർത്ത്, കണ്ടെയ്നർ യാർഡ്, കസ്റ്റംസിന്റേത് ഉൾപ്പെടെയുള്ള വിവിധ ഓഫീസുകൾ, 220 കെവി സ്റ്റേഷൻ, 33 കെവി സബ്സ്റ്റേഷൻ എന്നിവയും സർക്കാർ വിഴിഞ്ഞത്ത് സമയബന്ധിതമായി ഉറപ്പാക്കി.
റെയിൽവേ കണക്ടിവിറ്റിക്കായി ബാലരാമപുരം-വിഴിഞ്ഞം 10.7 കി.മീ. അലൈൻമെന്റ് തിട്ടപ്പെടുത്തി. ഇതിൽ 9.2 കി.മീ. തുരങ്ക പാതയായാണ് നിർമ്മിക്കുന്നത്. അതിന്റെ പരിസ്ഥിതി ആഘാതപഠനവും സാമൂഹിക ആഘാത പഠനവും കഴിഞ്ഞു. ഇതിനായി 5.65 ഹെക്ടർ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊങ്കൺ റെയിൽവേ പഠനങ്ങൾ നടത്തി ഡിപിആർ തയാറാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ദേശീയപാതയുമായുള്ള കണക്ടിവിറ്റിക്കായി ഔട്ടർ റിംഗ് റോഡ് നിർമ്മിക്കും. താത്ക്കാലികമായ കണക്ടിവിറ്റിക്കായി 1.7 കി.മീ അപ്രോച്ച് റോഡ് ആണ് ഉപയോഗിക്കുക. ഭാവിയിൽ വലിയ കണ്ടെയ്നർ ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കാനാണ് ഔട്ടർ റിംഗ് റോഡ് ആലോചിച്ച് നടപ്പാക്കുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.