തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ആദ്യ ഘട്ടത്തിൽ എതിർത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കുള്ള വഴിയായി വിഴിഞ്ഞം മാറരുത് എന്നായിരുന്നു എൽഡിഎഫിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി സാധ്യതകൾ എല്ലാം അടച്ചാണ് തുറമുഖം സജ്ജമാക്കിയതെന്നും പിണറായി വിജയൻ ന്യായീകരിച്ചു. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞം യാഥാർത്ഥമാകുന്നത് ചില വാണിജ്യ ലോബികൾക്ക് ഇഷ്ടമല്ലായിരുന്നു. അന്താരാഷ്‌ട്ര ലോബികൾ വരെ വിഴിഞ്ഞത്തിനെതിരെ പ്രവർത്തിച്ചു. പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്ഥാപിത താത്പര്യക്കാർ ചില പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. തുറമുഖം തകർക്കാനുള്ള എല്ലാ നീക്കങ്ങളെയും മറികടന്ന് സർക്കാർ മുന്നോട്ട് പോയി. പദ്ധതി മുന്നോട്ടുപോയേ മതിയാകൂ എന്നതായിരുന്നു സർക്കാർ നിലപാട്. അഴിമതിക്കും ചൂഷണത്തിനുമുള്ള വഴിയായി വിഴിഞ്ഞത്തെ മാറ്റരുത് എന്നുള്ളത് സർക്കാരിന് നിർബന്ധമായിരുന്നു.
എൽഡിഎഫ് സർക്കാർ മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിക്കുന്ന സർക്കാർ ആണ്. മുൻ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ഭാഗത്ത് നിന്നും ആത്മാർത്ഥമായ പരിശ്രമമാണ് നടന്നത്. വയബിലിറ്റി ഗ്യാപ് ലഭ്യമാക്കിയ കേന്ദ്രസർക്കാരിന് പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെക്കുറിച്ച് പരാമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.















