ഒളിവിലുള്ള പ്രതിയും. പാർട്ടിയിലേക്ക് ചേർന്നവരിൽ ഒരാൾ എസ്‌എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. എന്നാൽ കേസിലെ നാലാം പ്രതിയായ സുധീഷ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്നാണ് ഇയാളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
പത്തനംതിട്ട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 62 പേരാണ് പാർട്ടിയിലേക്ക് ചേർന്നത്. അധികം പേരും മറ്റ് പാർട്ടികളിൽ നിന്നുള്ളവരായിരുന്നു. മന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു ഇവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു. പാർട്ടിയിൽ ചേർന്നവരിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനും ഉണ്ടായിരുന്നു.ഇയാൾ ജാമ്യം നേടിയിരുന്നു. ഇതേ കേസിലെ നാലാം പ്രതിയായ സുധീഷ് ഒളിവിലായിരുന്നു. മറ്റൊരാൾ കഞ്ചാവ് കേസ് പ്രതിയുമാണ്.
ഇവർ സ്വയം തിരുത്തുന്നതിനാണ് പാർട്ടിയിലേക്ക് വന്നതെന്നും ഇത്തരത്തിൽ രാഷ്‌ട്രീയ സംഘർഷങ്ങളിൽ ഏർപ്പെടുന്നവരുടെമേൽ കാപ്പ ചുമത്താൻ പാടില്ലെന്നും ജില്ലാ സെക്രട്ടറി മുൻപ് പറഞ്ഞിരുന്നു. പലതരം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ സംഘം പാർട്ടിയിലേക്ക് എത്തിയിട്ടും സിപിഎം നേതൃത്വം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കേസുകൾ അടക്കം ഒത്തുതീർപ്പാക്കാം എന്ന വാഗ്ദാനം നൽകിയാണ് ഇവരെ പാർട്ടിയിൽ ചേർത്തതെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.
നിലവിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഇവർക്കെതിരെ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. പാർട്ടിയുടെ അംഗബലം കൂട്ടാൻ ഇത്തരം ക്രിമിനലുകളെ പാർട്ടിയുടെ ഭാഗമാക്കുന്നത് സമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കുമെന്നും പ്രവർത്തകർ ആരോപിക്കുന്നു. പരിപാടിക്ക് മന്ത്രി തന്നെ നേതൃത്വം നൽകിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷ യുവജന സംഘടനകൾ ആരോപിച്ചു.















