—ആർ.കെ രമേഷ്—-
ജെയിംസ് മൈക്കൽ ആൻഡേഴ്സൺ, എന്ന ജിമ്മി ആൻഡേഴ്സൺ 704 വിക്കറ്റുമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമ്പോൾ പേസ് ബൗളിംഗിന്റെ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നത്. ലോർഡ്സിൽ തുടങ്ങി അതേ ലോർഡ്സിൽ 21 വർഷത്തെ യാത്രകൾക്കൊടുവിൽ ജയത്തോടെ ഫുൾസ്റ്റോപ്പിടുന്ന കരിയറിൽ എണ്ണിയാലൊടുങ്ങാത്ത പല റെക്കോർഡുകളും ഈ വലം കൈയൻ പേസർ എറിഞ്ഞിട്ടു. വിക്കറ്റ് വേട്ടക്കാരിൽ രണ്ടു സ്പിന്നർമാർക്ക് പിന്നിലാണ് ഈ പേസ് ഇതിഹാസത്തിന്റെ സ്ഥാനമെങ്കിലും ആ നേട്ടത്തിലെത്തിയ ആദ്യ അതിവേഗക്കാരനാണ് ജിമ്മി.
മുന്നിലുള്ളത് ഷെയ്ൻ വോണും(708), മുത്തയ്യ മുരളീധരനും(800). 41-ാം വയസിൽ അവസാന മത്സരത്തിനിറങ്ങിയപ്പോൾ ആൻഡേഴ്സന്റെ വേഗത്തിനും സ്വിംഗിനും മൂർച്ച കൂടിയതല്ലാതെ ഒരുശതമാനം പോലും കുറഞ്ഞിട്ടില്ലെന്ന് പറയേണ്ടിവരും. ആത്മസമർപ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലം. അതിനുദാഹരണമാണ് വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിൽ വീഴ്‌ത്തിയ മൂന്ന് വിക്കറ്റുകൾ. ഭാവിയിൽ ഇംഗ്ലണ്ടിനായി താരം പുതിയ റോളിലെത്തിയേക്കാമെന്ന് പ്രതീക്ഷിക്കാം.
194 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റ് നേടിയ ജിമ്മി 19 ടി20 കളിൽ നിന്ന് 18 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2002-ൽ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ അരങ്ങേറിയപ്പോൾ ടെസ്റ്റിൽ ഒരുവർഷത്തിന് ശേഷം സിംബാബ്വെക്കെതിരെയായിരുന്നു ആദ്യ മത്സരത്തിനിറങ്ങിയത്. ആദ്യ അഞ്ചുവർഷം ടീമിൽ സ്ഥിരമാകാൻ ആൻഡേഴ്സന് വല്ലാതെ കഷ്ടപ്പെട്ടു. എന്നാൽ 2003 ലെ ഏകദിന ലോകകപ്പിൽ പാകിസ്താന് എതിരെ നടത്തിയ നാലു വിക്കറ്റ് പ്രകടനം ആൻഡേഴ്സണെ ലോകത്തിന് അടയാളപ്പെടുത്തി.
2007ന് ശേഷം ഇംഗ്ലണ്ട് ബൗളിംഗ് നിരയുടെ നട്ടെല്ലായി ജിമ്മി വളർന്നു. പുതിയ പന്തുകളിൽ അയാൾ എതിരാളികൾക്ക് പേടി സ്വപ്നമായി. കുറഞ്ഞ റണ്ണപ്പിലും കൂടുതൽ വേഗത കൈവരിക്കുന്ന ആൻഡേഴ്സന്റെ കൃത്യതയും സ്വിംഗും ബാറ്റർമാർക്ക് വെല്ലുവിളിയായി. ഇതിഹാസങ്ങളടക്കം അയാൾക്ക് മുന്നിൽ പകച്ചു. 2008 മുതൽ സ്റ്റുവർട്ട് ബ്രോഡുമായി ചേർന്ന് പേസ് ബൗളിംഗിൽ വേറിട്ടൊരു കൂട്ടുക്കെട്ടിന് തുടക്കമിട്ടു. ഇരുവരും ചേർന്ന് ഇക്കാലയളവിൽ 1039 വിക്കറ്റുകളാണ് പിഴുതത്. ഇതും മറ്റാെരു നാഴികകല്ലാണ്. ഇംഗ്ലണ്ടിൽ ആൻഡേഴ്സൺ കൂടുതൽ അപകടകാരിയായിരുന്നു. 106 മത്സരങ്ങളിൽ 438 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
സ്പിന്നിനെ തുണയ്‌ക്കുന്ന ഏഷ്യൻ പിച്ചുകളിലും അയാൾ സ്വിംഗും സീമും വേഗവും കണ്ടെത്തി. 32 ടെസ്റ്റുകളിൽ 92 പേരെ കൂടാരം കയറ്റി അവിടെയും റെക്കോർഡിട്ടു. 2012ൽ ഇന്ത്യയിലെ പരമ്പര വിജയത്തിൽ 12 വിക്കറ്റുമായി തിളങ്ങി നിർണായക പ്രകടനം നടത്തി. 41-ാം വയസിലും അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് അദ്ദേഹം. 36-ാം വയസിന് ശേഷം 50 ടെസ്റ്റ് കളിച്ച ജിമ്മി 164 വിക്കറ്റുകൾ സ്വന്തമാക്കി കരുത്ത് കൂടിയിട്ടേയുള്ളൂവെന്ന് അടിവരയിട്ടു പറഞ്ഞു. ഇക്കാലയളവിൽ ഏഴു തവണ അഞ്ചുവിക്കറ്റ് പ്രകടനവും നടത്തി. 23.91 ആയിരുന്നു ശരാശരി. അദ്ദേഹത്തിന്റെ കരിയറിലെ ആവറേജിനെക്കാളും(26.45) മികച്ചത്.