മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് ഉജ്ജ്വല വിജയം. മത്സരിച്ച 11 ൽ 9 സീറ്റുകളും ബിജെപി സഖ്യം തൂത്തുവാരി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടങ്ങുന്ന ശിവസേന, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപി എന്നിവരാണ് ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിലുള്ളത്.
അന്തരിച്ച മുതിർന്ന നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ഉൾപ്പെടെ അഞ്ച് സ്ഥാനാർത്ഥികളെയാണ് ബിജെപി മത്സരിപ്പിച്ചത്. ഇവർ അഞ്ചുപേരും ജയിച്ചു. ശിവസേന ഷിൻഡെ വിഭാഗവും അജിത്പവാറിന്റെ എൻസിപിയു രണ്ട് വീതം സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തു. നാലുപേരും ജയം നേടി.
അതേസമയം, കോൺഗ്രസ്, ശിവസേന( ഉദ്ധവ് താക്കറെ വിഭാഗം), എൻസിപി (ശരദ് പവാർ വിഭാഗം) എന്നിവരുടെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി തങ്ങൾക്ക് സുരക്ഷിതമായ മൂന്ന് സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത്. ഇവരും ജയിച്ചുകയറി
ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് പൊതുവെ മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ് ‘9/9’ എന്ന ഹ്രസ്വ സന്ദേശം എക്‌സിൽ കുറിച്ച് തെരഞ്ഞെടുപ്പ് വിജയം സ്ഥിരീകരിച്ചു.
9/9 👍 #MLCElection #VidhanParishad #Maharashtra
— Devendra Fadnavis (@Dev_Fadnavis) July 12, 2024