കണ്ണൂർ: കാൽവഴുതി റോഡിൽ വീണ വയോധികനെ ഇടിച്ചിട്ടും നിർത്താതെ പോയി വാഹനങ്ങൾ. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇടുക്കി സ്വദേശി രാജൻ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ പുറംലോകമറിഞ്ഞത്.
ബുധനാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. 8:10 കഴിഞ്ഞ് രാജൻ റോഡിന്റെ അരികിലൂടെ കുടയുമായി നടന്നുവരുന്നതും കാൽതട്ടി റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കരണംമറിഞ്ഞ് റോഡിലേക്ക് വീഴുന്നതിനിടെ നിവർത്തിപ്പിടിച്ചിരുന്ന കുടയും കൈവിട്ടുപോയി. എഴുന്നേറ്റ് മാറാനാകതെ വീണിടത്ത് നിന്നും എഴുന്നേറ്റ് കൈ കുത്തി റോഡിൽ ഇരിക്കുന്നതിനിടെ ചീറിപ്പാഞ്ഞ് വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഈ ഇടിയിൽ രാജൻ ഒന്നുകൂടി തെറിച്ച് റോഡിലേക്ക് വീണു.
ഇരുചക്ര വാഹനങ്ങൾ അടക്കം ഈ സമയം റോഡിലൂടെ ചീറിപ്പാഞ്ഞ് പോയിരുന്നെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. റോഡിൽ കിടക്കുകയായിരുന്ന രാജനെ പിന്നാലെ വന്ന മറ്റൊരു വാഹനവും ഇടിച്ചുതെറിപ്പിച്ചു. ഇതിന് ശേഷം വന്ന സ്വകാര്യ ബസാണ് റോഡിൽ ഒരാൾ കിടക്കുന്നത് കണ്ട് നിർത്തിയത്. രാജനെ ഇടിക്കാതെ സ്വകാര്യ ബസ് സൈഡ് ചേർത്ത് നിർത്തുന്നതും ബസിനുളളിൽ നിന്നും ആളുകൾ ഇറങ്ങി നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ ബസിലെ ജീവനക്കാരാണ് രാജനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജനെ ആദ്യം ഇടിച്ച വാഹനങ്ങൾ അപകടമുണ്ടായത് മനസിലായിട്ടും നിർത്താതെ പോവുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അമിത വേഗത്തിലായിരുന്ന വാഹനങ്ങൾ ഇടിയുടെ ആഘാതത്തിൽ വഴുതി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ നിർത്താനോ സംഭവം അന്വേഷിക്കാനോ വാഹനത്തിലുണ്ടായിരുന്നവർ തയ്യാറായില്ല. ഇതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്.