കാൻസറിനോട് പടപൊരുതുന്ന ഇന്ത്യയുടെ മുൻതാരവും പരിശീലകനുമായ അൻഷുമൻ ഗെയ്ക്വാദിന് സഹായഹസ്തവുമായി കപിൽ ദേവ്. തനിക്ക് പെൻഷനായി ലഭിക്കുന്ന പണം അൻഷുമന്റെ ചികിത്സയ്‌ക്കായി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ, മദൻ ലാൽ കീർത്തി ആസാദ് എന്നിവരോടൊപ്പം താനും മുൻ താരത്തെ സഹായിക്കാനുള്ള വഴികൾ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
”വളരെയധികം സങ്കടം തോന്നുന്നു. അൻഷു എന്റെ സഹപ്രവർത്തകനാണ്. ഈ അവസ്ഥയിൽ അദ്ദേഹത്തെ കാണുന്നത് വിഷമകരമാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ സഹായിക്കുമെന്ന് അറിയാം. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെ മുന്നിലേക്കും അഭ്യർത്ഥനയുമായി എത്തില്ല. ഹൃദയത്തിൽ നിന്ന് സഹായിക്കണമെന്ന് തോന്നണം”.- കപിൽ ദേവ് പറഞ്ഞു.
രക്താർബുദം ബാധിച്ച് ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ 71കാരനായ ഗെയ്ക്വാദ്. ആശുപത്രിയിലെത്തി കണ്ടപ്പോൾ ചികിത്സയ്‌ക്കുള്ള പണം കുറവാണെന്ന് ഗെയ്ക്വാദ് പറഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീലാണ് വെളിപ്പെടുത്തിയത്. 1975 മുതൽ 1987 വരെ ഇന്ത്യൻ ജഴ്സിയണിഞ്ഞ അൻഷുമൻ ഗെയ്ക്വാദ് 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്.















