ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുറത്തിറങ്ങാനാകില്ല. സിബിഐ രജിസ്റ്റർചെയ്ത അഴിമതിക്കേസിൽ ഡൽഹി കോടതി കെജ് രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടിയിരുന്നു. ഇതിലും ജാമ്യം ലഭിച്ചെങ്കിൽ മാത്രമേ കെജ് രിവാളിന്റെ ജയിൽമോചനം സാദ്ധ്യമാകൂ.
കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി കെജ് രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇഡിക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുണ്ടോയെന്ന കെജ് രിവാളിന്റെ ചോദ്യം വിശാലബെഞ്ച് പരിശോധിക്കേണ്ടതാണെന്ന അഭിപ്രായത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി കെജ് രിവാൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും 17 നാണ് പരിഗണിക്കുക. അതുകൊണ്ടു തന്നെ അതുവരെ കെജ് രിവാളിന് തിഹാർ ജയിലിൽ തുടരേണ്ടി വരും. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി കെജ് രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റ് നിയമവിധേയമല്ലെന്ന് കാണിച്ചാണ് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. മുൻപ് കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്.