തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ എത്തിയ മുങ്ങൽ വിദഗ്ധർക്ക് ഏറ്റവും വെല്ലുവിളിയായത് തോട്ടിലെ മാലിന്യക്കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവർക്ക് അധികദൂരം മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു.
വേസ്റ്റും ദുർഗന്ധവും മൂലം 20 മീറ്ററിൽ കൂടുതൽ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് മുങ്ങൽ വിദഗ്ധർ പറഞ്ഞു. 100 മീറ്ററോളം ഭാഗത്ത് മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. സിലിണ്ടറുമായി അത്രയും ദൂരം താണ്ടുന്നത് ഇവരുടെ ജീവനും അപകടമാണ്. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒരു വശത്തേക്ക് നീക്കിയാണ് ഇവർ തെരച്ചിൽ നടത്തിയത്. എന്നാൽ മാലിന്യങ്ങളുടെ ആധിക്യം മൂലം ഇത് വലിയ തോതിൽ ഫലം ചെയ്തില്ലെന്ന് ഇവർ പറഞ്ഞു.
എല്ലാ ഭാഗത്തും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതിനാൽ എവിടെയെങ്കിലും കുടുങ്ങിക്കിടന്നാലും പുറത്തുവരാൻ സാധിക്കാത്ത സാഹചര്യമാണ്. ഓക്സിജൻ മാസ്ക് ഉൾപ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടൊണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. എല്ലാ സജ്ജീകരണങ്ങളോടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മൂന്ന് പേരാണ് വൃത്തിയാക്കാൻ ഇറങ്ങിയതെന്നും പെട്ടെന്ന് ഒഴുക്ക് വന്നതോടെ ജോയിയെ കാണാതാകുകയായിരുന്നെന്നും ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പ്രതികരിച്ചു. റെയിൽവേ സ്റ്റേഷന് കുറുകെ ഒഴുകുന്ന തോടാണിത്. റെയിൽവേയുടെ ഭാഗത്ത് കൂടി പോകുന്ന തോടിന്റെ ഭാഗം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കരാർ ജീവനക്കാർ സ്ഥലത്തെത്തിയത്.
മുകളിൽ കിടന്ന മാലിന്യങ്ങൾ വലകൊണ്ടു കെട്ടി കയർ ഉപയോഗിച്ച് വലിച്ചുമാറ്റി തെരച്ചിൽ നടത്താൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടുങ്ങിയ ഭാഗത്താണ് ഈ മാലിന്യങ്ങൾ അധികവും കുമിഞ്ഞുകൂടിയിരിക്കുന്നത്. പലതട്ടുകളായി കട്ടിയിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ ഇത് വലിച്ചുമാറ്റി തെരച്ചിൽ നടത്തുന്നത് വലിയ ശ്രമകരമായ ദൗത്യമാണ്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ രംഗത്തിറക്കി മാലിന്യം വലിച്ചുമാറ്റി തെരച്ചിൽ നടത്താനാണ് ഇപ്പോൾ ശ്രമം.
നഗരത്തിന്റെ പല തോടുകളും ഇത്തരത്തിൽ മാലിന്യം കുമ്പാരം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യം നിറഞ്ഞ് തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണമായും നഷ്ടപ്പെടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയാവുകയാണ് കോർപ്പറേഷൻ അധികാരികൾ. അപകടമുണ്ടായ ഭാഗം റെയിൽവേയുടെ പ്രോപ്പർട്ടിയാണെന്നും അതുകൊണ്ട് അവിടം ശുചിയാക്കാൻ റെയിൽവേയാണ് ബാധ്യസ്ഥരെന്നുമാണ് മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം.