വാഷിംഗ്ടൺ: ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വൻതുക സംഭാവന നൽകിയതായി റിപ്പോർട്ട്. കൃത്യമായ തുക അറിയില്ലെങ്കിലും ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ എത്തിക്കാൻ ‘വളരെയധികം’ പണം മസ്ക് നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്റെ വിമർശകനാണ് മസ്‌ക് അറിയപ്പെടുന്നത്.
അമേരിക്കൻ പിഎസി (പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) എന്ന ഗ്രൂപ്പിനാണ് താൻ സംഭാവന നൽകുകയെന്നും ട്രംപിനോ ബൈഡനോ വേണ്ടി പണം ചെലവഴിക്കില്ലെന്നും മുമ്പ് മസ്‌ക് പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും യുഎസിലേക്ക് കുടിയേറിയ ആളാണ് മസ്ക്. അത്തരത്തിലുള്ള ഒരാൾ കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പേരുകേട്ട ഒരു സ്ഥാനാർത്ഥിക്ക് സംഭാവന നൽകിയത് വലിയ ചർച്ചയായി. എന്നാൽ ശതകോടീശ്വരൻ ഒരു സ്ഥാനാർത്ഥിയെയും പരസ്യമായി അംഗീകരിച്ചിട്ടില്ല.
വാൾസ്ട്രീറ്റിന്റെയും കോർപ്പറേറ്റ് ദാതാക്കളുടെയും പിന്തുണയോടെ ധനസമാഹരണത്തിൽ ട്രംപ് ജോ ബൈഡനെ പിന്തള്ളിയിരുന്നു. ഈ സമയത്താണ് മസ്‌കിന്റെ സംഭാവന നൽകിയതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. പിന്നാലെ ഡെമോക്രാറ്റുകൾ പോലും ബൈഡനോട് ശ്രമം ഉപേക്ഷിക്കാൻ പരസ്യമായി ആവശ്യപ്പെട്ടു. ഇതോടെ ബൈഡന് ലഭിക്കുന്ന സംഭാവന കുത്തനെ ഇടിഞ്ഞു.
നവംബർ അഞ്ചിനാണ് യുഎസിൽ തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ട്രംപ്, മാർച്ചിൽ മസ്‌കും മറ്റ് ദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.