തൃശൂർ: കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് വി കെ രാജൻ സ്മാരക ഗവൺമെന്റ് സ്കൂളിലെ നാല് വിദ്യാർത്ഥികളെയാണ് ബോധരഹിതരായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചഭക്ഷണ സമയത്തായിരുന്നു വിദ്യാർത്ഥികൾ ഹിപ്പ് നോട്ടിസത്തിന് വിധേയരായത്.
10-ാം ക്ലാസ് വിദ്യാർത്ഥികളെയാണ് സഹപാഠി ഹിപ്നോട്ടിസം ചെയ്തത്. യൂട്യൂബിലൂടെയായിരുന്നു 10-ാം ക്ലാസുകാരൻ ഹിപ്നോട്ടിസം പഠിച്ചത്. ഇത് സഹപാഠികളായ മൂന്ന് പെൺകുട്ടികളിലും ഒരു ആൺകുട്ടിയിലും പ്രയോഗിക്കുകയായിരുന്നു. ക്ലാസിലെ മറ്റു ചില വിദ്യാർത്ഥികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെ ഹിപ്നോട്ടിസത്തിന് വിധേയരായ വിദ്യാർത്ഥികൾ ബോധരഹിതരായി വീണു.
ആദ്യം ബോധരഹിതരായ മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മറ്റൊരു കുട്ടിയും തളർന്ന് വീണു. ഇതോടെയാണ് ഹിപ്നോട്ടിസത്തിന് വിദ്യാർത്ഥികൾ വിധേയരായ വിവരം അദ്ധ്യപകർ അറിഞ്ഞത്. ചികിത്സതേടിയ നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.