അമ്മമാരുടെ സ്നേഹത്തിനും കരുതലിനും കടലോളം ആഴമായിരിക്കും. മക്കൾക്കെന്ത് വേദനയും സങ്കടവുമുണ്ടെങ്കിലും അമ്മമാർ ഒന്ന് മാറോടണച്ചാൽ എല്ലാ പ്രശ്നങ്ങളും അതിൽ അലിഞ്ഞ് ഇല്ലാതാവും. അത്തരത്തിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അടുത്തിടെയാണ് ബോളിവുഡ് സീരിയൽ താരം ഹിന ഖാന് സ്തനാർബുദം ബാധിച്ച വിവരം വാർത്തകളിൽ നിറഞ്ഞത്. താരം തന്നെയായിരുന്നു തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ രോഗാവസ്ഥ അറിഞ്ഞ നിമിഷം മുതൽ അമ്മ വിഷമത്തിലാണെന്നും താരം പങ്കുവച്ചിരുന്നു. എന്നാൽ അമ്മയുടെ സ്നേഹവും കരുതലും ആലിംഗനവും മക്കളുടെ ഏത് വിഷമവും അകറ്റുമെന്ന് കാണിച്ചു തരുന്ന ചിത്രങ്ങളാണ് ഹിന ഇപ്പോൾ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അമ്മയുടെ മാറോടഞ്ഞിരിക്കുന്ന ഹിനയെയും എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ഹിനയുടെ തലയിൽ ചുംബിക്കുന്ന അമ്മയുമാണ് ചിത്രത്തിലുള്ളത്. ” അമ്മയുടെ സ്നേഹത്തിനും കരുതലിനും ഒരു കടലോളം ആഴമുണ്ട്. എന്റെ രോഗവിവരം അറിഞ്ഞ സമയത്ത് അമ്മയ്ക്ക് വലിയ വിഷമവും ഞെട്ടലുമുണ്ടായിരുന്നു. പക്ഷേ അമ്മയുടെ വിഷമങ്ങൾ ഉള്ളിലൊതുക്കി എന്റെ വേദനകളെ മറക്കാൻ അമ്മ ശക്തി പകർന്നു നൽകി. അമ്മയുടെ ലോകം തകർന്നു വീഴുമ്പോഴും എന്നെ മാറോടണച്ച് അമ്മയുടെ കൈകളിൽ അഭയം തരുകയായിരുന്നു.”- ഹിന ഖാൻ കുറിച്ചു.
View this post on Instagram
കഴിഞ്ഞയാഴ്ചയാണ് ഹിനയ്ക്ക് കീമോതെറാപ്പി ചികിത്സകൾ ആരംഭിച്ചത്. ഈ വേദന അകറ്റാൻ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും താരം അടുത്തിടെ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരുന്നു. മൂന്നാം ഘട്ട സ്തനാർബുദമാണ് ഹിനയ്ക്കെന്ന് കണ്ടെത്തിയിരുന്നു. രോഗാവസ്ഥയെ കുറിച്ച് താരം പങ്കുവച്ചതോടെ നിരവധി ആരാധകരാണ് ഹിനയ്ക്ക് ധൈര്യം പകർന്ന് രംഗത്തെത്തിയത്.