ഹരാരെ; സിംബാബ്‌വെയെ പത്ത് വിക്കറ്റുകൾക്ക് തകർത്ത് നാലാം ട്വന്റി – 20 യിൽ ഉജ്ജ്വല വിജയവുമായി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളിൽ 3-1 ന് ഇന്ത്യ പരമ്പരയും ഉറപ്പിച്ചു.
സിംബാബ്് വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ യശസ്വി ജയ്‌സ്വാളിന്റെയും (53 പന്തിൽ 93) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും (39 പന്തിൽ 58) തകർപ്പൻ പ്രകടനത്തിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ 15.2 ഓവറിൽ വിജയം കാണുകയായിരുന്നു. 10.17 റൺ റേറ്റിലായിരുന്നു ഇന്ത്യയുടെ സ്‌കോറിംഗ്.
13 ഫോറുകളും രണ്ട് സിക്‌സറുകളും യശസ്വി നേടിയപ്പോൾ ശുഭ്മാൻ ആറ് തവണ പന്ത് അതിർത്തി കടത്തി. രണ്ട് സിക്‌സറുകളും പറത്തി. ടോസ് നേടിയ ഇന്ത്യ സിംബാബ്് വെയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു. 46 റൺസെടുത്ത ക്യാപ്റ്റൻ സികന്ദർ റാസയാണ് സിംബാബ് വെയുടെ ടോപ്പ് സ്‌കോറർ. ഇന്ത്യയ്‌ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ മുംബൈ താരം തുഷാർ ദേശ്പാണ്ഡെ മൂന്ന് ഓവറിൽ 30 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം കൂടിയാണ് തുഷാർ. ഐപിഎല്ലിലെ തിളക്കമേറിയ പ്രകടനമാണ് തുഷാർ ദേശ്പാണ്ഡെയ്‌ക്ക് തുണയായത്. ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി 13 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ തുഷാർ നേടിയിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റുകളും അഭിഷേക് ശർമ്മ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
20 ഓവറിൽ ഏഴ് വിക്കറ്റുകൾ നഷ്ടത്തിലാണ് സിംബാബ് വെ 152 റൺസ് നേടിയത്. ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.















