ന്യൂഡൽഹി: കോൺഗ്രസിനെയും ഇൻഡി സഖ്യത്തെയും കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. കോൺഗ്രസിനും ഇൻഡി സഖ്യത്തിനും ഒരവസരം കൂടി ലഭിച്ചാൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. 1975ൽ ഇന്ദിരയുടെ സ്ഥാനത്ത് അടൽ ബിഹാരി വാജ് പേയിയായിരുവെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നുവെന്ന ശിവസേന (UTB) നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ മാപ്പ് പറഞ്ഞിട്ടും എന്തിനാണ് വീണ്ടും അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നതെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ കോൺഗ്രസും ഇൻഡി സഖ്യവും അപലപിക്കുന്നില്ലെന്ന് ഇന്ന് വ്യക്തമായിരിക്കുന്നു. അവർ ജനങ്ങളെ ദുരിതത്തിലാക്കിയ പ്രഖ്യാപനത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്യുന്നത്.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
ഇന്ദിരയ്‌ക്ക് ധൈര്യമുണ്ടായത് കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അതിൽ തെറ്റില്ലെന്നുമാണ് ഭൂപേഷ് ഭാഗേൽ പറയുന്നത്. ഇതിൽ നിന്ന് തന്നെ രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിട്ട ആ നാളുകളെ കോൺഗ്രസും ഇൻഡി സഖ്യവും എത്രത്തോളം പിന്തുണയ്‌ക്കുന്നുണ്ടെന്ന് മനസിലാക്കാം. കോൺഗ്രസിന് വീണ്ടും ഒരു അവസരം ലഭിച്ചാൽ വീണ്ടും അടിയന്താരാവസ്ഥ പ്രഖ്യാപിക്കുമെന്നും ഷെഹ്‌സാദ് പൂനാവല്ല വ്യക്തമാക്കി.
വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് അടിയന്തരാവസ്ഥയെ പിന്തുണച്ചുള്ള പ്രസ്താവന നടത്തിയത്. അടൽ ബിഹാരി വാജ്‌പേയിയാണ് അക്കാലത്തെ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹവും അടിയന്തരാവസ്ഥ പ്രഖ്യപിക്കുമായിരുന്നുവെന്നാണ് സഞ്ജയ് റൗട്ടിന്റെ വിചിത്ര ന്യായീകരണം.















