പെൻസിൽവാനിയ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവയ്പ്പ്. മുൻപ്രസിഡന്റിന്റെ പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ട്രംപിന്റെ വലതു ചെവിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ടുകളുണ്ട്.
ട്രംപ് വേദിയിൽ പ്രസംഗിക്കുമ്പോഴാണ് സംഭവം. യുഎസ് രഹസ്യാന്വേഷണ ഏജൻസി ഉടൻതന്നെ നേതാവിന് സുരക്ഷയൊരുക്കി. സുരക്ഷാ ഉദ്യോഗസ്ഥ വലയത്തിൽ വേദിയിൽ നിന്നും പുറത്തെത്തിച്ച ട്രംപിനെ രഹസ്യാന്വേഷണ ഏജൻസി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ വെടിവയ്പ്പിനുശേഷം ട്രംപിന്റെ ചെവിയുടെ ഭാഗത്തായി ചോരപ്പാടുകൾ കാണാം. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസിന് നൽകിയ ഫോൺ അഭിമുഖത്തിൽ വെടിയുതിർത്തെന്ന് സംശയിക്കുന്നയാൾ മരിച്ചതായും റാലിയിൽ പങ്കെടുത്ത ഒരാൾ കൊല്ലപ്പെട്ടതായും ബട്‌ലർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി റിച്ചാർഡ് ഗോൾഡിംഗർ പറഞ്ഞു.















