മുംബൈ: കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമാദി. മൂന്നാം ടേമിൽ എൻഡിഎ സർക്കാർ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ 29,400 കോടിയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം പരിപാടിയെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിന്റെ വികസനത്തിന് എതിരെ നിൽക്കുന്നവരാണ് വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. അടൽ സേതു പാലത്തിന് വിള്ളലുണ്ടെന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികൾ കുപ്രചരണങ്ങൾ നടത്തിയിരുന്നു. അവർ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനും എതിരാണ്. ആർബിഐയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ എട്ട് കോടി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്’.
‘മുംബൈയിലെ ജനങ്ങളുടെ ജീവിതനിലവാരം മികച്ചതാക്കുക എന്നതാണ് മഹാരാഷ്ട്ര സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മുംബൈയ്ക്ക് ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം നടപ്പിലാക്കുന്നു. മുംബൈയിൽ തീരദേശ പാതയും അടൽ സേതുവും യാഥാർത്ഥ്യമായി. അടൽ സേതുവിലൂടെ പ്രതിദിനം 20,000 വാഹനങ്ങളാണ് സഞ്ചരിക്കുന്നത്’.
‘മുംബൈയിൽ മെട്രോ വികസനവും അതിവേഗം പുരോഗമിക്കുകയാണ്. പത്ത് വർഷം മുമ്പ് മുംബൈ മെട്രോ എട്ട് കിലോമീറ്റർ മെട്രോ ലൈൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത് 80 കിലോമീറ്ററായി വികസിച്ചു. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ നടപ്പിലാക്കുന്നതിന് പുതിയ പദ്ധതികൾ സഹായിക്കും. മഹാരാഷ്ട്രയെ രാജ്യത്തിന്റെ പ്രധാന വിനോദ സഞ്ചാര മേഖലയാക്കി മാറ്റുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു’- പ്രധാനമന്ത്രി പറഞ്ഞു.