മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ മലയാളികളുടെ മനസ്സിനെ സ്പർശിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജി രാധാകൃഷ്ണനാണ്. ഗാനങ്ങൾ പാടിയിരിക്കുന്നത് എം.ജി ശ്രീകുമാറും. ഈ കൂട്ടുകെട്ടിലുണ്ടായ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം മലയാളികൾക്ക് ഇന്നും നഷ്ടവും വേദനയും സമ്മാനിക്കുന്നു. ഈ പാട്ടിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് എംജി ശ്രീകുമാർ.
“ദേവാസുരം ഐവി ശശി സാറിന്റെ സിനിമയായിരുന്നു. ഞങ്ങൾ ഒരു കുടുംബം പൊലെ ചെയ്ത സിനിമ. എല്ലാവരും ഇതിൽ ഉണ്ടായിരുന്നു. ചേട്ടൻ, ചേച്ചി, ചിത്ര അടക്കമുള്ള ചേട്ടന്റെ ശിഷ്യഗണങ്ങൾ എല്ലാവരും. എല്ലാവരും ഒരുമിച്ച് താമസിച്ച് ചെയ്ത പാട്ടുകളാണ്. സൂര്യകിരീടം എന്ന പാട്ട് ചെയ്യുമ്പോൾ ഞാനും ചേട്ടനും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്. ഒരു സംഗതി പാടാൻ പറഞ്ഞു. അത് നല്ല പ്രയാസമുള്ളതായിരുന്നു. അവസാനം ഞാൻ പാടി. സംഗീതപരമായി വഴക്കുകൾ ഒരുപാട് ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടുണ്ട്”.
“ഗിരീഷ് പുത്തഞ്ചേരി എഴുതുന്ന ആദ്യത്തെ കുറെ പാട്ടുകളിൽ ഒന്നാണ് സൂര്യകിരീടം. ചേട്ടൻ ഒരു ട്യൂൺ പാടി കൊടുത്തു. അത് റെക്കോർഡ് ചെയ്ത് അതിനൊത്ത് വരികളും എഴുതി ഗിരീഷ് തിരിച്ചെത്തി. ചേട്ടൻ ഞെട്ടിപ്പോയി. ഐ വി ശശി സർ ഗിരീഷിനെ കെട്ടിപ്പിടിച്ചു. സന്ദർഭത്തിന് അനുയോജ്യമായ ഇതിലും നല്ല വരികൾ ഇനി കിട്ടില്ല എന്നായിരുന്നു സർ പറഞ്ഞത്. പലയിടത്തും ആ പാട്ടുപാടി ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ അമ്മയുടെ ഓർമ്മയിൽ വിങ്ങി പൊട്ടി പാട്ടു നിന്നു പോയിട്ടുണ്ട്. ‘ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..’ ആ വരികൾ പാടാൻ കഴിയുന്നില്ലായിരുന്നു”-എംജി ശ്രീകുമാർ പറഞ്ഞു.















