സൂറത്ത്: 8 കാരറ്റ് വജ്രത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപം കൊത്തിയെടുത്ത് ഒരു കൂട്ടം കരകൗശല വിദഗ്ധർ. ഗുജറാത്തിലെ സൂറത്തിലുള്ള വജ്രനിർമ്മാണ കമ്പനിയിലെ ജീവനക്കാരാണ് സൃഷ്ടിക്ക് പിന്നിൽ. നഗരത്തിൽ നടക്കുന്ന പ്രദർശനത്തിലെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് വജ്രത്തിനുള്ളിലെ മോദി.
20 പേരുടെ സംഘം ഒരുമാസം ചിലവഴിച്ചാണ് മോദിയുടെ ചിത്രം വജ്രത്തിൽ ആലേഖനം ചെയ്തത്. തുടക്കത്തിൽ 40 കാരറ്റായിരുന്ന വജ്രം ആകൃതിയും മിനുസവും വരുത്തി 8 കാരറ്റാക്കി മാറ്റുകയായിരുന്നുവെന്ന് വജ്രം നിർമ്മിച്ച എസ്കെ കമ്പനി അധികൃതർ പറഞ്ഞു. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യക്ക് പിന്തുണയറിയിച്ച് നിർമ്മിച്ച വജ്രം പരിസ്ഥിതി സൗഹൃദവുമാണ്.
ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘ്‌വി സൂറത്തിൽ നടന്ന പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. പ്രദർശനത്തിലെ മുഖ്യ ആകർഷണമായ മോദിയുടെ രൂപം ആലേഖനം ചെയ്ത വജ്രവും അദ്ദേഹം കാണാനെത്തിയിരുന്നു.