അഷ്ടമൂർത്തിയായ സുന്ദരേശ്വര ഭഗവാൻ ജ്ഞാനസംബന്ധരെ കൊണ്ട് മന്ത്രവാദികളെ ശൂലാഗ്രങ്ങളിൽ കയറ്റി നിഗ്രഹിച്ച ലീലയാണ് ഇത്.
സുന്ദര പാണ്ഡ്യനായി മാറിയ കുബ്ജ പാണ്ഡ്യന്റെ പത്നിയും മന്ത്രിയും ജ്ഞാനസംബന്ധരെ ദർശിച്ച് നാട്ടിൽ നാനാവിധ അനർത്ഥങ്ങൾ സൃഷ്ടിക്കുന്ന നിരീശ്വരവാദികളായ മന്ത്രവാദികളെ ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു. അതിനായി അങ്ങ് ഒരു സംവൽസരം ഈ നാട്ടിൽ വസിക്കണം എന്നും അവർ ആവശ്യപ്പെട്ടു.. താൻ ഉടനെ തന്നെ നിരീശ്വരവാദികളെ ശിക്ഷിക്കും എന്ന് ജ്ഞാനസംബന്ധർ മറുപടി പറഞ്ഞു.
അടുത്ത ദിവസം രാവിലെ ജ്ഞാനസംബന്ധർ ഹാലാസ്യത്തിൽ എത്തി സുന്ദരേശ്വര ദർശനം നടത്തി ഭഗവാനോട് നിരീശ്വരവാദികളായ മന്ത്രവാദികളെ ശിക്ഷിക്കുവാൻ ആഗ്രഹിക്കുന്നതായി പ്രാർത്ഥിച്ചു. അവരോട് വാദപ്രതിവാദം നടത്തുമ്പോൾ ജയിക്കുവാൻ അനുഗ്രഹിക്കണം എന്നും പ്രാർത്ഥിച്ചു.എന്നെ സ്മരിക്കുന്നവർക്ക് ഒരു ഭയവും വേണ്ട എന്ന അശരീരി ആയിരുന്നു മറുപടി.
ഭഗവാന്റെ തിരുമൊഴികൾ ശ്രവിച്ച ജ്ഞാന സംബന്ധരും രാജ്ഞിയും മന്ത്രിയും കൂടി രാജാവിനെ അറിയിക്കുവാൻ ചില തീരുമാനങ്ങൾ എടുത്തു. നിരീശ്വരവാദികൾ ചെയ്യുന്ന ദുഷ്കർമ്മങ്ങൾക്ക് പ്രതിക്രിയ ചെയ്തില്ലെങ്കിൽ ശൈവധർമ്മവും വൈദിക ധർമ്മവും നശിച്ചുപോകും. വേദോക്തമായ യാഗാദികൾ അനുഷ്ഠിക്കാതെ ഇരുന്നാൽ ദേവന്മാർ നിരാഹാരരായി കോപിക്കും. അപ്പോൾ യഥാ സമയം മഴ ലഭിക്കുകയില്ല. ജനങ്ങൾ ദാരിദ്ര്യം കൊണ്ട് ദുഃഖിക്കുമ്പോൾ അന്യായം ചെയ്യും. പാപങ്ങളും വർദ്ധിക്കും. അതുകൊണ്ട് വേദോക്തമായ കർമ്മം രാജാവ് പരിപാലിച്ചില്ലെങ്കിൽ അദ്ദേഹം അധഃപതിക്കാൻ ഇടയാകും. ഈ കാര്യങ്ങൾ രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹം ആ അഭിപ്രായത്തെ അനുകൂലിച്ചു.
രാജാവിന്റെ ജ്വരം തീർക്കാൻ കഴിയാതെ വന്നപ്പോൾ ലജ്ജിതരായി ഭവിച്ച മന്ത്രവാദികൾ സ്വന്തം ഭവനങ്ങളിൽ ഒതുങ്ങി വസിക്കുകയായിരുന്നു. അവരുടെ ഈ അവസ്ഥയെ പത്നിമാർക്ക് ഇഷ്ടപ്പെട്ടില്ല അവർ സ്വന്തം പതിമാരെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു. ഇത് അസഹ്യമായപ്പോൾ മന്ത്രവാദികൾ രാജസന്നിധിയിൽ പോകാനും അവിടെ ആഗതനായിരിക്കുന്ന ജ്ഞാന സംബന്ധരേ നേരിടാനും തീരുമാനിച്ചു. എന്നാൽ തലേദിവസം രാത്രി ഒരു സ്വപ്നം കണ്ടതിനാൽ പത്നിമാർ അവരെ പോകരുത് എന്ന് വിലക്കി.എന്നാൽ പത്നിമാരുടെ അഭിപ്രായം സ്വീകരിക്കാതെ മന്ത്രവാദികൾ രാജസഭയിൽ പോകുവാൻ തീരുമാനിച്ചു. യാത്രയ്‌ക്കിടയിൽ പല ദുഃശ്ശകുനങ്ങളും ഉണ്ടായെങ്കിലും അവയെ നേരിട്ടു കൊണ്ട് അവർ രാജധാനിയിലെത്തി.
ബാലനോട് വാദിക്കുവാൻ ആണ് വന്നതെന്ന് കാര്യം മന്ത്രവാദികൾ രാജാവിനെ അറിയിച്ചു. അദ്ദേഹം അതിന് അനുവാദം നൽകി. പ്രഭാതത്തിൽ സോമസുന്ദരദർശനം കഴിഞ്ഞ് വരുന്ന വഴി ജ്ഞാന സംബന്ധരേയും കൊണ്ട് രാജാവ് രാജധാനിയിലെത്തി. അദ്ദേഹം ജ്ഞാനസംബന്ധരേ ഒരു ഉയർന്ന പീഠത്തിൽ ഇരുത്തി. പൂജിച്ചു. രാജ്ഞിയും മന്ത്രിമാരും സമീപം തന്നെ ഉണ്ടായിരുന്നു. രാജാവിന്റെ ജ്വരം മാറ്റിയതിൽ മന്ത്രവാദികൾ സംതൃപ്തരല്ല. അതുകൊണ്ട് അവർ വീണ്ടും ഒരു പരീക്ഷണത്തിന് തയ്യാറായി. ഓരോ വ്യക്തിയും സ്വന്തം മന്ത്രങ്ങൾ ഒരു പത്രത്തിൽ എഴുതി അഗ്നിക്ക് സമർപ്പിക്കണം. ജ്വലിക്കുന്ന ആഗ്നിയിൽ ആരുടെ പത്രം ആണോ കരിയാതിരിക്കുന്നത് ആ ആൾക്കാണ് ജയം.
മന്ത്രവാദികൾ മന്ത്രം എഴുതി അഗ്നികുണ്ഡത്തിൽ നിക്ഷേപിച്ചു. ജ്ഞാന സംബന്ധർ മഹേശ്വരനെ സ്മരിച്ചുകൊണ്ട് സ്വന്തം പുസ്തകത്തിൽ നിന്ന് പത്രം എടുത്ത് അഗ്നിയിൽ നിക്ഷേപിച്ചു. മന്ത്രവാദികളുടെ പത്രം മുഴുവൻ കരിഞ്ഞു. എന്നാൽ ജ്ഞാന സംബന്ധരുടെ പത്രം മാത്രം ഒരു മാറ്റവും സംഭവിക്കാതെ കിടന്നു. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. മന്ത്രവാദികൾ തോൽക്കാൻ തയ്യാറായില്ല. അഗ്നിസ്തംഭന മന്ത്രം കൊണ്ടാണ് ജ്ഞാന സംബന്ധർ എഴുതിയ പത്രം ദഹിച്ചു പോകാതിരുന്നത് എന്നായിരുന്നു അവരുടെ വാദം. വീണ്ടും പരീക്ഷണത്തിന് ഒരുങ്ങി. ഒഴുകുന്ന നദിയിൽ മന്ത്രം എഴുതിയ പത്രം എറിയണമെന്നും ജലപ്രവാഹത്തിൽ ഒഴുകാതെ കരയിലേക്ക് വരുന്ന പത്രം എഴുതിയ ആൾ ജയിച്ചതായി അംഗീകരിക്കുമെന്നും അവർ പറഞ്ഞു. ജ്ഞാന സംബന്ധർ ഈ പരീക്ഷണത്തിലും ജയിക്കുകയാണെങ്കിൽ മന്ത്രവാദികൾ അദ്ദേഹത്തിന്റെ ദാസനായി ഭവിക്കാം എന്ന് കൂടി പറഞ്ഞു. മറിച്ച് മന്ത്രവാദികൾക്കാണ് ജയമെങ്കിൽ ജ്ഞാനസംബന്ധർ അവരുടെ മതം സ്വീകരിച്ച് ഭൃത്യനായി കഴിയണം. എന്നാൽ മന്ത്രവാദികൾ ഭൃത്യരാകേണ്ടതില്ലെന്നും ഹാലാസ്യനാഥ പ്രസാദത്താൽ അവരെ ശൂലത്തിൽ കയറ്റി വധിക്കുമെന്നും ജ്ഞാന സംബന്ധർ പറഞ്ഞു. അവർ അത് സമ്മതിച്ചു. മന്ത്രവാദികൾക്ക് വേണ്ടി ശൂലങ്ങൾ ഉണ്ടാക്കണമെന്ന് അദ്ദേഹം രാജാവിനോട് അഭ്യർത്ഥിച്ചു അതിനുശേഷം മന്ത്രവാദികളോട് ഇങ്ങനെ പറഞ്ഞു.
“നിങ്ങൾ മരിക്കാൻ ഇടയാക്കണ്ട. അജ്ഞാനം നീക്കുകയും വേദത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ എല്ലാ ദുഃഖവും തീരും. ശൈവമാർഗം സത്യമാണെന്ന് വിചാരിച്ച് അത് സ്വീകരിക്കുക. ഭസ്മരുദ്രാക്ഷാദികൾ ധരിച്ചുകൊണ്ടും ശിവഭഗവാനെ സ്മരിച്ചുകൊണ്ട് പഞ്ചാക്ഷരം ജപിക്കുകയും ശിവപൂജ ചെയ്യുകയും ചെയ്താൽ സകല പാപങ്ങളും നശിക്കും. നിങ്ങളുടെ നന്മയ്‌ക്ക് വേണ്ടി ഞാൻ പറയുന്നത് അനുസരിച്ചാൽ ശൂലാഗ്രങ്ങളിൽ കയറ്റി വധിക്കുകയില്ല. ഇല്ലെങ്കിൽ ആ കർമ്മം അനുഷ്ഠിക്കുന്നതിന് യാതൊരു പ്രയാസവും ഇല്ല.”
മന്ത്രവാദികൾക്ക് ഇതൊന്നും സ്വീകാര്യമായില്ല അവർ സ്വന്തം മന്ത്രം പത്രത്തിൽ എഴുതി ജലത്തിൽ ഒഴുക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു..
ഒടുവിൽ എല്ലാവരും നദീതീരത്ത് എത്തി മന്ത്രവാദികൾ അവർ മന്ത്രം എഴുതിയ പത്രങ്ങൾ വേഗവതി നദിയിലേക്ക് എറിഞ്ഞു. അവ ജലപ്രവാഹത്തിൽപ്പെട്ട് സമുദ്രത്തിൽ എത്തി ജ്ഞാനസംബന്ധർ ജഗദ്പിതാക്കളെ സ്മരിച്ചുകൊണ്ട് സ്വന്തം പുസ്തകത്തിൽ നിന്ന് പത്രം എടുത്ത് നദിയിലെറിഞ്ഞു. ആ പത്രം പ്രവാഹത്തിനെതിരായി തിരിച്ചെത്തി. പരാജിതരായ മന്ത്രവാദികൾ ഓടി രക്ഷപ്പെടാതിരിക്കാൻ രാജഭടന്മാർ ശ്രദ്ധിച്ചു.
കരുണാനിധിയായ ജ്ഞാന സംബന്ധർ അവരോട് വീണ്ടും ഇങ്ങനെ പറഞ്ഞു.
“മനുഷ്യജന്മം ലഭിക്കുവാൻ വളരെ പ്രയാസമാണ് അങ്ങനെ വെറുതെ കളയാതിരിക്കുക.. വേദോക്തമായ കർമ്മങ്ങൾ അനുഷ്ഠിക്കുക പ്രാണരക്ഷയ്‌ക്ക് വേണ്ടി സൽക്കർമ്മം ചെയ്യുവാൻ ലജ്ജിക്കേണ്ടതില്ല..”
ഒരു ബാലന്റെ വാക്കുകൾ കേൾക്കുവാൻ അവർ തയ്യാറായില്ല അതിനാൽ ശൂരങ്ങളിൽ കയറി മാറുകൾ പിളർന്ന് വധിക്കപ്പെട്ടു. എന്നാൽ ചില മന്ത്രവാദികൾ ഭസ്മം ധരിക്കാൻ തയ്യാറായി അവർ ജീവനോടെ രക്ഷപ്പെട്ടു.
രാജാവിനും രാജ്ഞിക്കും മന്ത്രിക്കും ജ്ഞാന സംബന്ധർ എറിഞ്ഞ പത്രത്തിന് എന്താണ് സംഭവിച്ചത് എന്ന് അറിയുവാൻ ആഗ്രഹമുണ്ടായി. ജ്ഞാന സംബന്ധർ അവരെ കൂട്ടിക്കൊണ്ട് പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നു. അപ്പോൾ ഒരു ഉയർന്ന സ്ഥലത്ത് ഉറച്ച ഒരു ശിവലിംഗം കണ്ടു ജ്ഞാന സംബന്ധർ പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്തു. അപ്പോൾ ആ ലിംഗത്തിൽ നിന്ന് ഭസ്മരുദ്രാക്ഷങ്ങൾ ധരിച്ച ബ്രാഹ്മണന്റെ രൂപത്തിൽ ശിവഭഗവാൻ പ്രത്യക്ഷപ്പെട്ടു. കയ്യിൽ ഉണ്ടായിരുന്ന ഭസ്മം ബാലന്റെ നെറ്റിയിൽ പുരട്ടി. അതിനുശേഷം ആഗ്രഹം അറിയിക്കുവാൻ പറഞ്ഞു വൃദ്ധൻ ശിവഭഗവാൻ ആണെന്ന് മനസ്സിലാക്കുകയും രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു..
ബാലന്റെ മുഖത്തെ പ്രകടമായ വിഷാദം കണ്ടപ്പോൾ അദ്ദേഹം അതിനെ കാരണം അന്വേഷിച്ചു ഞാൻ ജലത്തിൽ എറിഞ്ഞ മന്ത്രപത്രം എനിക്ക് തരണം രാജാവ് അത് കാണുവാൻ ആഗ്രഹിക്കുന്നു അതിന് മറുപടി യായി ബ്രാഹ്മണ രൂപത്തിൽ പ്രത്യക്ഷനായ ശിവഭഗവാൻ ഇങ്ങനെ പറഞ്ഞു.
“സുബ്രഹ്മണ്യന്റെ അംശാവതാരമായ നീ സർവ്വജ്ഞനാണ് വൈദിക ധർമ്മങ്ങളെ എല്ലായിടത്തും പ്രചരിപ്പിച്ച് അനേകകാലം ജീവിച്ചതിനുശേഷം സുബ്രഹ്മണ്യനിൽ ലയിക്കുക.”
ഇത്രയും പറഞ്ഞതിനുശേഷം മന്ത്രപത്രം ജ്ഞാന സംബന്ധർക്ക് കൊടുത്ത ശേഷം ആ വൃദ്ധ ബ്രാഹ്മണൻ ശിവലിംഗത്തിൽ മറഞ്ഞു..
ജ്ഞാന സംബന്ധർ പത്രം രാജാവിന് കാണിച്ചു. അദ്ദേഹം അത് വാങ്ങി വായിച്ച് സന്തുഷ്ടനായി സ്തുതിച്ചു നദീതീരത്ത് പ്രത്യക്ഷപ്പെട്ട ശിവലിംഗ ഭഗവാന് രാജാവ് ശ്രീ പത്രികാ പുരേശൻ എന്നും ആ സ്ഥലത്തിന് ശ്രീപത്രികാപുരം എന്നും നാമം നൽകി. നിരീശ്വരവാദത്തിൽ വിശ്വസിച്ചത് കൊണ്ടുണ്ടായ പാപം ശമിക്കുവാൻ രാജാവ് അവിടെ പ്രത്യേകം പൂജകൾ ചെയ്തു. ജ്ഞാന സംബന്ധർ ഒരു സംവത്സരം അവിടെത്തന്നെ വസിച്ച് വേദാർത്ഥ യുക്തങ്ങളായ ഗീതങ്ങൾ കൊണ്ട് ഹാലാസ്യനാഥനെ സ്തുതിച്ചു. അതിനുശേഷം പ്രസിദ്ധങ്ങളായ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും സാംബ പരമേശ്വരനെ ഭക്തിയോടുകൂടി സ്തുതിക്കുകയും ചെയ്തു. അതിനു ശേഷം മാതാപിതാക്കളുടെ സമീപം എത്തുകയും സന്തോഷത്തോടുകൂടി വസിക്കുകയും ചെയ്തു.
സുന്ദര പാണ്ഡ്യൻ മധുരേശ്വരൻ എന്ന പുത്രനെ ഭരണം ഏൽപ്പിച്ചതിനു ശേഷം പത്നിയായ വനിതേശ്വരിയോടൊപ്പം ശിവലോകം പ്രാപിച്ചു.
ഈ ലീല ശ്രവിക്കുന്നവർക്കും പാരായണം ചെയ്യുന്നവർക്കും സകല ആഗ്രഹങ്ങളും സാധിക്കും. അന്ത്യത്തിൽ മോക്ഷവും ലഭിക്കും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 64 – ശിവലിംഗാദികളുടെ ആനയനം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















