ശ്രീനഗർ: കഴിഞ്ഞമാസം ചെനാബ് നദിയിൽ ചാടി ആത്മഹത്യ ചെയ്ത ജമ്മു സ്വദേശിയായ യുവാവിന്റെ മൃതദേഹം പാകിസ്താനിൽ കണ്ടെത്തി. അതിർത്തി ഗ്രാമമായ അഖ്‌നൂർ സെക്ടർ സ്വദേശി ഹരഷ് നാഗോത്രയുടെ മൃതദേഹമാണ് പാകിസ്താനിൽ കണ്ടെത്തിയത്.
ജൂൺ 11നാണ് ഹരഷിനെ കാണാതാകുന്നത്. ഇതോടെ ഹരഷിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ചെനാബ് നദിയുടെ തീരത്ത് നിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തിയതോടെ ഹരഷ് ആത്മഹത്യ ചെയ്തതായി പൊലീസ് സംശയിക്കുകയായിരുന്നു. കൂടാതെ ഓൺലൈൻ ഗെയിമിലൂടെ യുവാവിന് 80,000 രൂപ നഷ്ടമായിട്ടുണ്ടെന്നും ഇയാൾ ഇതിന്റെ മനോവിഷമത്തിലാണെന്നും പൊലീസിന് വിവരം കിട്ടി.
മകന്റെ ഫോൺ നമ്പറിലേക്ക് പാകിസ്താനിലെ പോസ്റ്റ്മോർട്ടം വകുപ്പിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ സന്ദേശം എത്തിയതോടെയാണ് വീട്ടുകാർക്ക് ഹരഷ് മരിച്ചതായി സ്ഥിരീകരണം ലഭിച്ചത്. പാക് അധീന പഞ്ചാബിലെ സിയാൽകോട്ട് മേഖലയിലെ കനാലിൽ നിന്നും കണ്ടെടുത്ത യുവാവിന്റെ മൃതദേഹം സംസ്കരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ അന്ത്യകർമങ്ങൾ നടത്തി സംസ്കരിക്കുന്നതിനായി മകന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ഇതിനായി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനുമുൾപ്പെടെ അപേക്ഷ നൽകിയിരിക്കുകയാണ് യുവാവിന്റെ കുടുംബം.















