ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈറിനെ തെരഞ്ഞ് പൊലീസ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരന്തരം മോഷണം നടത്തുന്ന ഇയാൾ അമ്പലപ്പുഴ മേഖലയിലാണ് ചുറ്റിത്തിരിയുന്നത്. പലയിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും പൊലീസിന് ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം വളഞ്ഞവഴി തീരദേശ റോഡിലെ സ്ഥാപനത്തിൽ നടന്ന മോഷണത്തിന് പിന്നിൽ പക്കി സുബൈറാണെന്നാണ് പൊലീസ് പറയുന്നത്. ഇവിടുത്തെ നിരീക്ഷണ കാമറയിൽ പക്കി സുബൈറിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ശൂരനാട് കുഴുവിള വടക്കേതിൽ സുബൈറാണ് പക്കി സുബൈർ എന്ന് അറിയപ്പെടുന്നത്.
മോഷണത്തെ തുടർന്ന് നേരത്തെ പിടിയിലായിട്ടുള്ള ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് വന്നപ്പോൾ വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണശ്രമം എതിർക്കാൻ ആരെങ്കിലും എത്തിയാൽ അവരെ ഉപദ്രവിക്കുന്ന പതിവും ഇയാൾക്കില്ല. പക്കി സുബൈറിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.















