കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ ഇന്ത്യൻ താരത്തിന് അൻഷുമാൻ ഗെയ്ക്വാദിന് ഒരുകോടി രൂപ ബിസിസിഐ നൽകും. അദ്ദേഹം ലണ്ടനിൽ ചികിത്സയിലാണ്. മുൻ താരങ്ങളായ കപിൽ ദേവ് സന്തീപ് പാട്ടീൽ എന്നിവരുടെ ആവശ്യത്തിന് പിന്നാലെയാണ് തീരുമാനം.സെക്രട്ടറി ജയ് ഷായുടെ നിർദ്ദേശത്തിന് പിന്നാലെ അൻഷുമാൻ ഗെയ്ക്വാദിന്റെ കുടുംബത്തെ പിന്തുണയ്‌ക്കാനും ചികിത്സയ്‌ക്കുമായി ഒരു കോടി രൂപ കൈമാറും.
അദ്ദേഹത്തിന്റെ ആരോഗ്യപുരോഗതി ബോർഡ് വിലയിരുത്തുകയും കുടുംബത്തിനൊപ്പം നിൽക്കുകയും ചെയ്യുമെന്നും ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി. കിംഗ്സ് കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദത്താ ഗെയ്ക്വാദിന്റെ മകനാണ് മഹാരാഷ്‌ട്രക്കാരനായ അൻഷുമാൻ.1975 ലാണ് അദ്ദേഹം ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറുന്നത്.
40 ടെസ്റ്റിൽ നിന്ന് 1985 റൺസ് നേടിയിട്ടുണ്ട്. 2 സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളുമടക്കമാണിത്. 14 ഏകദിനങ്ങളിൽ നിന്ന് 269 റൺസും സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ഇതിഹാസമായിരുന്ന താരം 206 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 12,136 റൺസ് ബറോഡയ്‌ക്ക് വേണ്ടി നേടിയിട്ടുണ്ട്.