ചില കഥകൾ കേൾക്കുമ്പോൾ അമ്മ സംഘടനയിലും രാഷ്‌ട്രീയമുണ്ടെന്ന് തോന്നുമെന്ന് നടി മല്ലിക സുകുമാരൻ. ഓരോരുത്തർക്കും അവരുടെ രാഷ്‌ട്രീയമുണ്ട്. എന്നാൽ കലാകാരന്മാർ കൂടുന്നിടത്ത് രാഷ്‌ട്രീയം പറയരുത്. സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്ന കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിൽ ദുഃഖമുണ്ടെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
“അമ്മ സംഘടനയിൽ രാഷ്‌ട്രീയം കൂടുന്നുണ്ടോ എന്ന് ചിലർ സങ്കടം പറയാറുണ്ട്. ചില കഥകൾ കേൾക്കുമ്പോൾ രാഷ്‌ട്രീയം ഉണ്ടെന്ന് നമുക്കും തോന്നാം. രാഷ്‌ട്രീയ സംഘടനയല്ല അമ്മ. എന്നാലും ഇത്തവണത്തെ അമ്മയുടെ ഇലക്ഷനിൽ എനിക്ക് വ്യക്തിപരമായി ഒരു സങ്കടം തോന്നിയിരുന്നു. സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്നു എന്ന കാര്യം അറിയുന്നത് വൈകിയാണ്. ഒരു കത്തിലും ഇക്കാര്യം എന്നെ അറിയിച്ചിട്ടില്ല. ഇലക്ഷന്റെ അന്നാണ് അറിയുന്നത് ഉച്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി എത്തുമെന്ന്. രാവിലെ വന്നു കഴിഞ്ഞാൽ ഒരുപാട് നേരം ഇരിക്കാൻ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് എനിക്ക് സാധിക്കില്ല. അതുകൊണ്ട് ആ പരിപാടിയിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല”.
“സുരേഷ് ഗോപിക്ക് സ്വീകരണം നൽകിയ സമയത്ത് അവിടെ ഇല്ലാതിരുന്നതിൽ എനിക്ക് സങ്കടമുണ്ട്. സുരേഷിനെ എനിക്ക് എത്രയോ വർഷങ്ങളായി അറിയാം. സുരേഷിനെക്കാൾ എനിക്ക് വേണ്ടപ്പെട്ട കുട്ടി രാധികയാണ്. സുരേഷിന് ഇത്രയും വലിയ പദവി കിട്ടി വരുന്ന സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നു. അമ്മയിൽ രാഷ്‌ട്രീയം വേണ്ട. രാഷ്‌ട്രീയമാണ് പലരെയും തമ്മിൽ തെറ്റിക്കുന്നത്. കലാകാരന്മാരുടെ ഇടയിൽ രാഷ്‌ട്രീയം വേണ്ട”.
“വ്യക്തിപരമായി രാഷ്‌ട്രീയം കൊണ്ടുനടക്കുന്നതിൽ പ്രശ്നമില്ല. എനിക്കും രാഷ്‌ട്രീയമുണ്ട്. അതു പറയാൻ ഒരു മടിയുമില്ല. എന്നാൽ എവിടെയാണ് രാഷ്‌ട്രീയപരമായുള്ള നീക്കം നമ്മൾ നടത്തേണ്ടത് അവിടെ രാഷ്‌ട്രീയം പറയണം. അതിന് വേറെ ആരുടെയും അനുവാദം വേണ്ട. പക്ഷേ കലാകാരന്മാർ കൂടുന്നിടത്ത് രാഷ്‌ട്രീയം മാറ്റിവെച്ച് സൗഹൃദം പങ്കിടണം. നിങ്ങളുടെ രാഷ്‌ട്രീയം നിങ്ങൾ ഇലക്ഷൻ ബൂത്തിൽ ചെല്ലുമ്പോൾ പ്രയോഗിക്കുക”-മല്ലിക സുകുമാരൻ പറഞ്ഞു.