ടീമായി കളിക്കുന്ന സ്പെയിന് മുന്നിൽ മുട്ടുക്കുത്തി താരസമ്പന്നമായ ഇംഗ്ലണ്ടിന് വീണ്ടും യൂറോ ഫൈനലിൽ കയ്പ്പ് നീര്. ഒത്തിണക്കളും യുവതയുടെ കരുത്തുമായി എത്തി പ്രയോഗിക ഫുട്ബോളിന്റെ സൗന്ദര്യം കാഴ്ചവച്ച സ്പെയിൻ നാലാം യൂറോ കിരീടം ഉയർത്തിയപ്പോൾ ഏവരും പറഞ്ഞു അർഹതപ്പെട്ട വിജയം. ഫൈനലിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു കറ്റാലന്മാരുടെ വിജയം. ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ഇംഗ്ലണ്ട്, കൂടാതെ 2018-ലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയും തോൽപ്പിച്ചാണ് സ്പെയിൻ യൂറോയിൽ വീണ്ടും ചാമ്പ്യന്മാരുകുന്നത്. ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് പോലും സ്പെയിൻ അർഹരായ ചാമ്പ്യന്മാരാണെന്ന് സമ്മതിച്ചു.
“സ്പെയിനിന് അഭിനന്ദനങ്ങൾ. ഇന്ന് രാത്രി മാത്രമല്ല, ടൂർണമെൻ്റിലുടനീളം അവർ വിജയത്തിന് അർഹരായിരുന്നു,” എന്ന് ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞത് വെറുതെയല്ല.
വിംഗർമാരുടെ കരുത്തിലാണ് സ്പെയിൻ അവരുടെ കളി മെനഞ്ഞത്. നിക്കോ വില്യംസ് ഓപ്പണർ സ്കോർ ചെയ്യുകയും പകരക്കാരനായ മികേൽ ഒയർസബാൽ വിജയഗോൾ നേടുകയും ചെയ്ത മത്സരത്തിൽ യമാലാണ് വില്യംസിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിത്. ലാമിൻ യമാൽ ടൂർണമെൻ്റിലെ യുവതാരമായപ്പോൾ ഡാനി ഓൾമോ ഗോൾഡൻ ബൂട്ട് പങ്കിട്ടു. ബാഴ്‌സലോണയുടെ യമാൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കുകയും സ്‌കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും വിജയിക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സുഹൃത്തുക്കളായ വില്യംസിന്റെയും യമലിന്റെയും ജന്മദിനങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു. യഥാക്രമം 22, 17 വയസ് തികഞ്ഞു.
വിരസമായ ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിന് കലാശ പോരിന്റെ ചൂട് കൈവന്നത്.47-ാം മിനിട്ടിലാണ് യമാലിന്റെ അസിസ്റ്റിൽ നിക്കോ വില്യംസ് കലാശ പോരിലെ ആദ്യ ഗോളിന്റെ അവകാശിയായത്. 73-ാം മിനിട്ടിൽ പകരക്കാരനായ കളത്തിലെത്തിയ കോൾ പാൽമർ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. എന്നാൽ അതിന് 87-ാം മിനിട്ടുവരെയെ ആയുസുണ്ടായിരുന്നുള്ളു. മികേൽ ഒയർ സബാൽ ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മാർക് കുക്കുറെല്ലയുടെ ക്രോസിൽ സബാൽ സ്പെയിനിനെ നാലാം കിരീടത്തിലേക്ക് നയിച്ചത്.1964, 2008, 2012 വർഷങ്ങളിലായിരുന്നു മുൻ നേട്ടങ്ങൾ.
89-ാം മിനിട്ടിൽ ഇംഗ്ലണ്ട് സമനില നേടുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഡാനി ഓൾമോ സ്പെയിനിന് രക്ഷകനായി അവതരിച്ചു. ഉനായ് സിമോൺ കാഴ്ചക്കാരനായപ്പോൾ ഇംഗ്ലണ്ട് കോർണറിൽ നിന്ന് നടത്തിയ മുന്നേറ്റം ഗോൾ ലൈനിൽ ഓൾമോ രക്ഷപ്പെടുത്തുകയായിരുന്നു.1966 ലെ ലോകകപ്പ് വിജയത്തിന് ശേഷം തുടർച്ചയായ യൂറോ ഫൈനലുകളിൽ നിരാശയെ അഭിമുഖീകരിച്ച ഇംഗ്ലണ്ടിന് ആ മുറിവ് ഉണക്കാൻ ഇനിയും കാത്തിരിക്കണം.